പുരോഹിതനല്ലാത്തയാള്‍ കപ്പുച്ചിന്‍ പ്രൊവിന്‍ഷ്യലായി

പുരോഹിതനല്ലാത്തയാള്‍ കപ്പുച്ചിന്‍ പ്രൊവിന്‍ഷ്യലായി

ഫ്രാന്‍സിസ്കന്‍ കപ്പുച്ചിന്‍ സന്യാസസമൂഹത്തിന്‍റെ മധ്യ അമേരിക്കന്‍ പ്രൊവിന്‍സിന്‍റെ സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുക്കപ്പെട്ടത് ബ്രദര്‍ മാര്‍ക് ഷെങ്ക്. പൗരോഹിത്യമില്ലാത്ത സന്യസ്തരെ പുരോഹിതരുള്ള സന്യാസസമൂഹങ്ങളുടെ അധികാരികളായി തിരഞ്ഞെടുക്കരുതെന്നാണു കാനോന്‍ നിയമം. ബ്രദര്‍മാര്‍ പ്രൊവിന്‍ഷ്യല്‍മാരായി തിരഞ്ഞെടുക്കപ്പെട്ടാല്‍ സ്ഥാനാരോഹണത്തിനു വത്തിക്കാന്‍റെ പ്രത്യേക അനുമതി വേണ്ടി വരും. ബ്രദര്‍ ഷെങ്കിന്‍റെ കാര്യത്തില്‍ വത്തിക്കാന്‍ സന്യാസസഭാകാര്യാലയം ആദ്യം അനുമതി നിഷേധിച്ചെങ്കിലും പിന്നീടു ഫ്രാന്‍സിസ് മാര്‍പാപ്പ ഇടപെട്ട് അനുമതി നല്‍കുകയായിരുന്നു. കപ്പുച്ചിന്‍ സന്യാസസമൂഹത്തിന്‍റെ സ്വന്തം നിയമമനുസരിച്ച് ബ്രദര്‍മാരും പുരോഹിതരും തമ്മില്‍ വ്യത്യാസമൊന്നുമില്ല എന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. സഭാസ്ഥാപകനായ വി. ഫ്രാന്‍സിസ് അസീസി പുരോഹിതനായിരുന്നില്ലെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഫ്രാന്‍സിസിന്‍റെ പിന്‍ഗാമിയ്ക്കും പൗരോഹിത്യം ഉണ്ടായിരുന്നില്ല. സാഹോദര്യമാണ് ഫ്രാന്‍സിസ്കന്‍ സന്യാസത്തിന്‍റെ മുഖമുദ്രയെന്നും അവര്‍ പറയുന്നു.

മുമ്പു കാനഡയിലും അമേരിക്കയിലും ഓരോ തവണ കപ്പുച്ചിന്‍ സന്യാസസമൂഹം ബ്രദര്‍മാരെ പ്രൊവിന്‍ഷ്യല്‍മാരായി തിരഞ്ഞെടുത്തിട്ടുണ്ട്. കാനഡായിലെ തിരഞ്ഞെടുപ്പിനു വത്തിക്കാന്‍ അനുമതി നല്‍കി. പക്ഷേ പുരോഹിതനായിരിക്കുമെന്നു തെറ്റിദ്ധരിച്ചാണ് വത്തിക്കാന്‍ കാര്യാലയത്തിലെ ഉദ്യോഗസ്ഥന്‍ ചട്ടപ്രകാരമുള്ള അനുമതി പത്രം നല്‍കിയതെന്നു പിന്നീടു വിശദീകരിച്ച കൂരിയാ അധികാരികള്‍ അദ്ദേഹത്തെ രണ്ടാം വട്ടം തിരഞ്ഞെടുക്കരുതെന്നു ആ പ്രൊവിന്‍സിനോടു നിര്‍ദേശിക്കുകയും ചെയ്തു. അമേരിക്കയിലെ ഒരു പ്രൊവിന്‍സില്‍ ബ്രദറെ തിരഞ്ഞെടുത്തതിനു വത്തിക്കാന്‍ അനുമതി നിഷേധിക്കുകയും അവര്‍ വേറെയാളെ തിരഞ്ഞെടുക്കുകയും ചെയ്തു.

ഫ്രാന്‍സിസ് പാപ്പ ഇടപെട്ടു ഇപ്പോള്‍ തന്‍റെ തിരഞ്ഞെടുപ്പിന് അംഗീകാരം നല്‍കിയത് കാര്യങ്ങള്‍ മാറുമെന്നതിന്‍റെ സൂചനയാണെന്നും പുരോഹിതരല്ലാത്തവര്‍ സഭയുടെ നേതൃപദവികളിലേയ്ക്കു വരണമെന്ന് ആവശ്യപ്പെടുന്നയാളാണു പാപ്പായെന്നും മാര്‍ക് ഷെങ്ക് പറഞ്ഞു. 62 കാരനായ ബ്രദര്‍ ഷെങ്കിനു ദൈവശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തരബിരുദമുണ്ട്. 22 വര്‍ഷം കപ്പുച്ചിന്‍ സഭയുടെ റോമിലെ ആസ്ഥാനകാര്യാലയത്തില്‍ പ്രവര്‍ത്തിച്ചു. കപ്പുച്ചിന്‍ സഭയുടെ സെക്രട്ടറി ജനറലും ജനറല്‍ കൗണ്‍സിലറുമാകുന്ന ആദ്യത്തെ ബ്രദറാണദ്ദേഹം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org