കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന് പുതിയ അന്താരാഷ്ട്ര സമിതി: കാരിസ്

കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന് പുതിയ അന്താരാഷ്ട്ര സമിതി: കാരിസ്

കത്തോലിക്കാസഭയിലെ കരിസ്മാറ്റിക് നവീകരണരംഗത്തെ സേവനങ്ങള്‍ക്കായി വത്തിക്കാന്‍ പുതിയ അന്താരാഷ്ട്ര സമിതി രൂപീകരിച്ചു. ഡിസംബര്‍ 8-ന് ഇതു നിലവില്‍ വരും. വത്തിക്കാന്‍ അത്മായ-കുടുംബ-ജീവന്‍ കാര്യാലയമാണ് ഇക്കാര്യമറിയിച്ചത്. മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ചിരിക്കുന്ന ഈ സമിതിയുടെ പേര് കാരിസ് എന്നായിരിക്കും.

കരിസ്മാറ്റിക് നവീകരണരംഗത്തെ വിവിധ പ്രസ്ഥാനങ്ങള്‍ക്കു മേല്‍ പുതിയ സമിതിയായ കാരിസിനു അധികാരപരമായ നിയന്ത്രണങ്ങളൊന്നുമുണ്ടാകില്ലെന്ന് കാര്യാലയം വ്യക്തമാക്കി. എല്ലാ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളും നിലവിലുള്ള സഭാത്മക അധികാരകേന്ദ്രങ്ങള്‍ക്കു കീഴില്‍ തന്നെയായിരിക്കും തുടരുക. എന്നാല്‍ കാരിസിന്‍റെ സേവനം എല്ലാ കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ക്കും ഉപയോഗപ്പെടുത്താം.

2019-ലെ പന്തക്കുസ്താ ദിനം മുതല്‍ മൂന്നു വര്‍ഷത്തേയ്ക്ക് സമിതിയംഗങ്ങളെ നിയമിച്ചിട്ടുണ്ട്. ബെല്‍ജിയം സ്വദേശിയായ ഡോ. ഴാങ് ലു മോണ്‍സ് ആണു മോഡറേറ്റര്‍. അമേരിക്കയില്‍ നിന്നുള്ള ബിഷപ് പീറ്റര്‍ ലെസ്ലീ സ്മിത്, ആന്ദ്രെ അരാംഗോ, ഗ്വാട്ടിമലയില്‍ നിന്നുള്ള മരിയ യൂജേനിയ, ബ്രസീല്‍ നിന്നുളള ഗബ്രിയേല മാര്‍സിയ, അര്‍ജന്‍റീനയില്‍ നിന്നുള്ള പിനോ സ്കഫുരോ, ഇന്ത്യയില്‍ നിന്നുള്ള സിറില്‍ ജോണ്‍, ദക്ഷിണ കൊറിയയില്‍ നിന്നുള്ള ബ്ര. ജെയിംസ് ഷിന്‍, ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ നിന്നുള്ള ഴാങ് ക്രിസ്റ്റോഫ് സകിതി, ഉഗാണ്ടയില്‍ നിന്നുള്ള ഫ്രെഡ് മാവാന്‍ഡ, ഇറ്റലിയില്‍ നിന്നുള്ള പൗലോ മെയിനോ, ഫ്രാന്‍സില്‍ നിന്നുള്ള ഡീക്കന്‍ എറ്റിനെ മെല്ലോട്ട് തുടങ്ങിയവരാണ് സമിതിയംഗങ്ങള്‍. പേപ്പല്‍ വസതിയിലെ ധ്യാനപ്രസംഗകനായ ഫാ. റെനീരോ കന്തലമേസാ സമിതിയുടെ എക്ലേസിയാസ്റ്റിക്കല്‍ അസിസ്റ്റന്‍റായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org