കര്‍ഷക ആത്മഹത്യകള്‍ ആശങ്കയുണര്‍ത്തുന്നു: കര്‍ദി. മാര്‍ ആലഞ്ചേരി

വര്‍ദ്ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യകള്‍ ആശങ്കയും ദുഃഖവുമണര്‍ത്തുന്നതാണെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. ഇടു ക്കി ജില്ലയില്‍ മാത്രം കഴിഞ്ഞ ഏതാനും മാസങ്ങളിലായി ആറു കര്‍ഷകര്‍ ജീവനൊടുക്കിയ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് കര്‍ഷക ആത്മഹത്യകളിലുള്ള ദുഃഖവും ആശങ്കകളും മാര്‍ ആലഞ്ചേരി പങ്കുവച്ചത്. കാര്‍ഷിക വിളകളുടെ വിലയിടിവും വന്യമൃഗശല്യവും തലമുറകളായി കൃഷിചെയ്തു വരുന്ന ഭൂമിയുടെ രേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമുള്‍പ്പെടെ നിരവധി പ്രതിസന്ധികളാണ് കര്‍ഷകര്‍ നേരിടുന്നത്. ലോണുകള്‍ തിരിച്ചടയ്ക്കാനാവാതെ പലരും ജപ്തി ഭീഷണികള്‍ നേരിടുന്നു. ഇത്തരത്തില്‍ പലവിധ പ്രശ്നങ്ങളെ അഭിമുഖീരിക്കുന്ന കര്‍ഷകരെ രക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണം. കാര്‍ഷിക വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളെ സഹായിക്കാനും ഫലപ്രദമായ പദ്ധതികള്‍ അതിനു വേണ്ടി ആവിഷ്കരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം — പത്രക്കുറിപ്പില്‍ മാര്‍ ആലഞ്ചേരി ആവശ്യപ്പെട്ടു.

കാര്‍ഷിക കടങ്ങള്‍ സര്‍ക്കാര്‍ എഴുതിത്തള്ളണമെന്ന നിവേദനം സീറോ മലബാര്‍ സിനഡ് സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും മാര്‍ ആലഞ്ചേരി വ്യക്തമാക്കി. ദുരിതമനുഭവിക്കുന്ന കര്‍ഷക കുടുംബങ്ങളെ കണ്ടെത്തി കഴിയുന്ന വിധത്തിലുള്ള സഹായങ്ങള്‍ നല്‍കാന്‍ രൂപതകളും ഇടവകകളും സംഘടനകളുമെല്ലാം പരിശ്രമിക്കണമെന്നും കര്‍ദിനാള്‍ ആഹ്വാനം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org