കര്‍ഷകജപ്തി: സര്‍ക്കാര്‍ ഇടപെടണം രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കൊറോണയുടെ ഭീഷണിയില്‍ നാട് വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഭീകരാവസ്ഥ സൃഷ്ടിച്ച് കര്‍ഷകരുടെ കിടപ്പാടവും കൃഷിഭൂമിയും ജപ്തിചെയ്തു കൊണ്ട് ബാങ്ക് അധികൃതര്‍ അഴിഞ്ഞാടുന്നതിന് അവസാനമുണ്ടാക്കണമെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ കര്‍ഷകര്‍ നിയമം കൈയിലെടുക്കുന്ന സ്ഥിതിയുണ്ടാകുമെന്നും സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാ സംഘ് അഭിപ്രായപ്പെട്ടു.

കാര്‍ഷികവായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് മണ്ണാര്‍ക്കാട് കൊറ്റിയോടില്‍ ഭിന്നശേഷിക്കാരനായ ആനന്ദനെയും കുടുംബത്തെയും വീട്ടില്‍നിന്നും പുറത്താക്കി വീട് പൂട്ടി സീല്‍ ചെയ്ത അതിക്രൂരമായ നടപടിയുണ്ടായിട്ടും സര്‍ക്കാര്‍ ഇടപെടല്‍ നടത്താത്തത് ദുഃഖകരമാണ്. ഒരു വശത്ത് കൊറോണയുടെ ദുരന്തമൊഴിവാക്കാന്‍ പരിശ്രമിക്കുമ്പോള്‍ മറുവശത്ത് ഉദ്യോഗസ്ഥര്‍ മരുന്നോ മരുന്നിന്‍റെ ചീട്ടോ എടുക്കാന്‍ പോലും അനുവദിക്കാതെ രോഗിയായ കര്‍ഷകനെ ചവിട്ടിപ്പുറത്താക്കുന്നത് മനുഷ്യത്വരഹിതമാണ്. പ്രളയവും കൃഷിനാശവും മൂലം വായ്പയെടുത്ത രണ്ടുലക്ഷം രൂപ തിരിച്ചടയ്ക്കുവാന്‍ ബുദ്ധിമുട്ടുമ്പോള്‍ സാവകാശം നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്നിരിക്കെ സര്‍ഫാസി നിയമം ഉപയോഗിച്ച് കര്‍ഷകഭൂമിയും കിടപ്പാടവും കയ്യേറിയ ബാങ്ക് അധികൃതരുടെ നീക്കത്തെ കര്‍ഷകര്‍ ശക്തമായി സംഘടിച്ചു നേരിടും.

വിദ്യാഭ്യാസ വായ്പയെടുത്ത് വിദേശത്തുപോയി എംബിബിഎസ് പഠിച്ച് പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയ ഇഞ്ചിക്കുന്ന് മാഞ്ചറയില്‍ ബാബുവിന്‍റെ മകള്‍ക്ക് സ്വന്തം വീട് ജപ്തി ചെയ്തിരിക്കുന്നതും മാതാപിതാക്കളെയും സഹോദരങ്ങളെയും പുറത്താക്കിയിരിക്കുന്നതുമായ അനുഭവമാണ് നേരിടേണ്ടിവന്നിരിക്കുന്നത്. വിദ്യാഭ്യാസ വായ്പയുടെ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള നടപടിയാണ് ബാങ്ക് അധികൃതര്‍ സ്വീകരിച്ചത്.

കാര്‍ഷികമേഖലയിലെ തകര്‍ച്ച അതിരൂക്ഷമായിരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് സ്വന്തം കിടപ്പാടംപോലും നഷ്ടപ്പെടുന്ന സാഹചര്യം ബാങ്ക് അധികൃതരും റവന്യൂ വനം വകുപ്പ് ഉദ്യോഗസ്ഥരും ഭൂമാഫിയകളും ചേര്‍ന്ന് ആസൂത്രിതമായ അജണ്ടയായി നടപ്പിലാക്കുമ്പോള്‍ സര്‍ക്കാര്‍ ഇടപെടല്‍ അടിയന്തരമായിട്ടുണ്ടാകണമെന്നും കര്‍ഷക ദ്രോഹങ്ങള്‍ക്കെതിരെ കര്‍ഷകസംഘടനകള്‍ സംഘടിച്ച് എതിര്‍ക്കുവാന്‍ മുന്നോട്ട് വരണമെന്നും കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org