കര്‍ഷകരോടും കാര്‍ഷികമേഖലയോടുമുള്ള സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കണം – കര്‍ദി. മാര്‍ ആലഞ്ചേരി

കര്‍ഷക മേഖലയോടും കര്‍ഷകരോടും സര്‍ക്കാര്‍ പുലര്‍ത്തുന്ന അനാസ്ഥയും വിവേചനവും അവസാനിപ്പിക്കണമെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. പകലന്തിയോളം പണിയയെടുത്തിട്ടും കര്‍ഷകര്‍ കൊടിയ ദാരിദ്ര്യത്തിന് ഇരകളായിത്തീരുന്ന ദയനീയാവസ്ഥ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നത് അപലപനീയമാണെന്ന് പ്രസ്താവനയില്‍ കര്‍ദിനാള്‍ ആലഞ്ചേരി പറഞ്ഞു.

റബര്‍ ഉള്‍പ്പടെയുള്ള കാര്‍ഷിക വിളകളുടെ വിലയിടിവ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരുകയാണ്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന സര്‍വ്വ സാധനങ്ങളുടെയും വില ഇത്രമേല്‍ ഇടിഞ്ഞ് കര്‍ഷക ജീവിതം ദുസ്സഹമായ സമകാലിക അനുഭവം സമാനതകളില്ലാത്തതാണ്. കാര്‍ഷി കവിളകള്‍ക്ക് താങ്ങുവില നിശ്ചയിച്ച് വിലസ്ഥിരത ഉറപ്പുവരുത്താന്‍ സഹായകമായ നടപടികള്‍ സര്‍ക്കാര്‍ സത്വരമായി കൈക്കൊള്ളണം. റബറിന് 200 രൂപയെങ്കിലും താങ്ങുവില പ്രഖ്യാപിച്ച് കര്‍ഷകരെ സഹായിക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യമായ ആവശ്യമാണ്.

വിലത്തകര്‍ച്ച മൂലം കാര്‍ഷിക കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത ഗതികേടിലാണ് പാവപ്പെട്ട കര്‍ഷകര്‍. പലിശയും പിഴപ്പലിശയുമായി കര്‍ഷകന്‍റെ കടബാധ്യതകള്‍ പെരുകുകയാണ്. ജപ്തി ഭീഷണിയിലായ കര്‍ഷകര്‍ ആത്മഹത്യയ്ക്കുപോലും പ്രേരിതരാകുന്നു. കടബാധ്യതകള്‍ക്ക് ഏതാനും മാസത്തെ മോറട്ടോറിയമല്ല കടങ്ങള്‍ എഴുതിത്തള്ളാനുള്ള ആര്‍ജ്ജവത്വമാണ് സര്‍ക്കാര്‍ കാണിക്കേണ്ടത്. കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും അവിചാരിതമായ വിലത്തകര്‍ച്ചകളുംവഴി കര്‍ഷകര്‍ ദുരിതത്തിലാകുന്ന സന്ദര്‍ഭങ്ങളില്‍ കാര്‍ഷികകടങ്ങശ് എഴുതിത്തള്ളാനുള്ള സ്ഥിരം നിയമസംവിധാനം ആവശ്യമാണ്. കര്‍ഷക ആത്മഹത്യകളുടെ എണ്ണം വര്‍ദ്ധിക്കാതിരിക്കാന്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സത്വരമായ ഇടപെടല്‍ നടത്തണം — മാര്‍ ആലഞ്ചേരി ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org