കര്‍ഷകര്‍ സംഘടിച്ചില്ലെങ്കില്‍ കാര്‍ഷികമേഖല തകരും – ബിഷപ് മാത്യു അറയ്ക്കല്‍

ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി കര്‍ഷകര്‍ സംഘടിച്ചു മുന്നേറുന്നില്ലെങ്കില്‍ കാര്‍ഷികമേഖല തകര്‍ന്നടിയുമെന്നും പ്രതിസന്ധിയില്‍ കര്‍ഷകരോട് അനുഭാവ നിലപാടു സ്വീകരിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാത്യു അറയ്ക്കല്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ ഇന്‍ഫാം ദേശീയ സമിതി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശികതലങ്ങളില്‍ ഒട്ടേറെ കര്‍ഷക പ്രസ്ഥാനങ്ങള്‍ ഉണ്ട്. ഒട്ടനവധി നിസ്വാര്‍ത്ഥ സേവനങ്ങള്‍ ഈ പ്രസ്ഥാനങ്ങള്‍ കര്‍ഷകര്‍ക്കായി ചെയ്യുന്നുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഒരു സമ്മര്‍ദ്ദ ശക്തിയായി മാറുവാന്‍ കര്‍ഷക കൂട്ടായ്മകള്‍ക്കു സാധിക്കുന്നില്ല. ഇക്കാരണത്താല്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ പലതും ലക്ഷ്യപ്രാപ്തിയിലെത്താതെ പോകുന്നു. ഈയവസരത്തില്‍ വിഘടിച്ചു നില്‍ക്കാതെ കര്‍ഷകപ്രസ്ഥാനങ്ങളും കാര്‍ഷികാഭിമുഖ്യമുള്ള ഇതര സംഘടനകളും ഒന്നിച്ചു നീങ്ങേണ്ടത് അനിവാര്യമാണെന്നു ബിഷപ് വിശദീകരിച്ചു. ആഗോള കാര്‍ഷിക കുടിയേറ്റത്തിനായി കര്‍ഷകര്‍ മുന്നോട്ടുവരണമെന്നും ബഹുഭൂരിപക്ഷം വരുന്ന ചെറുകിട കര്‍ഷകരുടെ സംരക്ഷണത്തിനുള്ള പദ്ധതികള്‍ രൂപീകരിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും മാര്‍ അറയ്ക്കല്‍ പറഞ്ഞു.

ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പള്ളി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തി. ദേശീയ പ്രസിഡന്‍റ് പി.സി. സിറിയക്, ഡോ. എം.സി. ജോസഫ്, ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ഫാ. ജോസ് തറപ്പേല്‍, ഫാ. തോമസ് മറ്റമുണ്ടയില്‍, ഫാ. മാത്യു പനച്ചിക്കല്‍, ഫാ. ജോണ്‍ പനച്ചിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ കിളിരുപറമ്പില്‍, ജോസ് എടപ്പാട്ട്, ജോയി തെങ്ങുംകുടി, പി.എസ്. മൈക്കിള്‍, കെ.എസ്. മാത്യു, ജോയി പള്ളിവാതുക്കല്‍, ജോസ് പോള്‍, ചാക്കോച്ചന്‍ ചെമ്പകത്തുങ്കല്‍, സണ്ണി അഗസ്റ്റിന്‍, ബേബി സ്കറിയ എന്നിവര്‍ പ്രസംഗിച്ചു.

കര്‍ഷകര്‍ക്കു സഹായഹസ്തവുമായി കാരിത്താസ് ഇന്ത്യ

വടക്കേ ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്കു വരുമാന സ്രോതസ്സുകള്‍ കണ്ടെത്താനുള്ള ബദല്‍ മാര്‍ഗങ്ങളുമായി കാരിത്താസ് ഇന്ത്യ. ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്കു തങ്ങളുടെ കൃഷിയില്‍ നിന്ന് ഉപജീവനം നടത്താന്‍ സഹായിക്കുന്ന പദ്ധതികളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം വരുമാനം കണ്ടെത്താന്‍ വേണ്ടി കാര്‍ഷികവൃത്തിയുപേക്ഷിച്ച് കര്‍ഷകര്‍ ഗ്രാമങ്ങളില്‍ നിന്നു പലായനം ചെയ്യുന്നതു തടയുക എന്ന ചിന്തയുമുണ്ട്.
അഗ്രേറിയന്‍ പ്രോസ്പെരിറ്റി പ്രോഗ്രാം എന്ന പേരിലുള്ള (എപിപി) കാരിത്താസ് ഇന്ത്യയുടെ ഈ പദ്ധതി ജാര്‍ഘണ്ടിലെ ഗ്രാമങ്ങളില്‍ 2011-ല്‍ ആരംഭിച്ചതാണ്. എങ്കിലും കൂട്ടത്തോടെയുള്ള കര്‍ഷകരുടെ കുടിയേറ്റവും കൃഷിയില്‍നിന്നു നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്കുള്ള മാറ്റവും കര്‍ഷകര്‍ക്കു സഹായം എത്തിക്കുന്നതിനു തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ തങ്ങളുടെ തൊഴിലുകളില്‍ ഉറച്ചു നില്‍ക്കുവാന്‍ ഗ്രാമീണരെ പ്രേരിപ്പിക്കുകയാണ് സിബിസിഐയുടെ കീഴിലുള്ള സന്നദ്ധ സംഘടനയായ കാരിത്താസ് ഇന്ത്യ. ജാര്‍ഘണ്ടിലെ 10 ഗ്രാമങ്ങളില്‍ വളരെ വിജയകരമായി ഈ പദ്ധതി നടപ്പിലാക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ സ്വയം സഹായസംഘങ്ങളായും കര്‍ഷക ക്ലബ്ബുകള്‍ വഴിയും കര്‍ഷകരെ ശക്തീകരിക്കുന്ന വിവിധ പരിപാടികള്‍ കാരിത്താസ് ഇന്ത്യ നടപ്പാക്കി വരുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org