കര്‍ഷകസമരത്തിനു മെത്രാന്മാരുടെ പിന്തുണ

ഭാരതത്തിലെ എഴു പ്രധാന സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പിന്തുണ. ഉല്‍പന്നങ്ങള്‍ക്കു ന്യായവില ആവശ്യപ്പെട്ടും കാര്‍ഷിക കടങ്ങള്‍ ഇളച്ചു നല്‍കണമെന്നാവശ്യമുന്നയിച്ചും കര്‍ഷകര്‍ നടത്തുന്ന സമരം രാജ്യവ്യാപകമായി ശ്രദ്ധ നേടിയിരിക്കുകയാണ്. ഉല്‍പന്നങ്ങള്‍ നല്‍കാതെയും അവ ബഹിഷ്ക്കരിച്ചും വിളവെടുപ്പു നടത്താതെയും ശക്തമാക്കിയ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചു നിരവധി സംഘടനകള്‍ രംഗത്തു വരികയുണ്ടായി. കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങളില്‍ സഭ അവര്‍ക്കൊപ്പം നിലകൊള്ളുകയാണെന്ന് സിബിസിഐ സെക്രട്ടറി ബിഷപ് തിയോഡര്‍ മസ്കരിനാസ് പറഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങളോടു മുഖം തിരിക്കാന്‍ നമുക്കു സാധ്യമല്ല. സമൂഹത്തിന്‍റെ ഭാഗമാണവര്‍. നമ്മുടെ ജീവിതത്തോട് ഏറെ ബന്ധപ്പെട്ടുനില്‍ക്കുന്ന കര്‍ഷകരുടെ തീവ്രമായ പ്രശ്നങ്ങള്‍ക്കു നേരെ കണ്ണടയ്ക്കാന്‍ നമുക്കു കഴിയില്ല – ബിഷപ് തിയോഡര്‍ സൂചിപ്പിച്ചു.

പട്ടണപ്രദേശങ്ങളില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എത്തിക്കാതെയുള്ള സമരം, നഗരവാസികളുടെ നിത്യജീവിതത്തില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും കര്‍ഷകര്‍ക്കുമുള്ള ബന്ധത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടിയുള്ളതാണെന്ന് ദേശീയ കര്‍ഷക സമിതി നേതാവായ കുമാര്‍ ശര്‍മ്മ പറഞ്ഞു. ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകാശ്മീര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 130 ല്‍പരം കര്‍ഷക സംഘടനകളാണ് സമരരംഗത്തുള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org