കാശ്മീര്‍: ക്രിസ്ത്യാനികളടക്കം മതന്യൂനപക്ഷങ്ങള്‍ ആശങ്കയില്‍

കാശ്മീരിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മതപീഡനങ്ങള്‍ വര്‍ദ്ധിതമാകുമോ എന്ന ആശങ്ക പങ്കുവയ്ക്കുകയാണ് കാശ്മീരിലെയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെയും മതന്യൂന പക്ഷങ്ങള്‍. കാശ്മീരിലെ ക്രൈസ്തവര്‍ ആശങ്കയിലാണെന്ന് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭാരതത്തിലെ മതന്യൂന പക്ഷങ്ങള്‍ പൊതുവേ അരക്ഷിതത്വത്തിലാണ്. കാശ്മീരിലെ ക്രൈസ്തവരാകട്ടെ പുതിയ സാഹചര്യങ്ങളില്‍ ഏറെ സമ്മര്‍ദ്ദങ്ങള്‍ നേരിടുകയും ചെയ്യുന്നു. മുസ്ലീം പശ്ചാത്തലത്തില്‍ നിന്നു വന്നവരാണ് ഭൂരിപക്ഷം പ്രാദേശിക ക്രൈസ്തവരും. പുതിയ സാഹചര്യങ്ങള്‍ മതന്യൂനപക്ഷങ്ങളെ ഭയത്തിന്‍റെ നിഴലിലാക്കുകയാണ്. ഭാരതത്തിലെ മതന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക സംരക്ഷണമോ പരിരക്ഷയോ ലഭിക്കാനിടയില്ലെന്ന സൂചനകളാണ് ഇതു നല്‍കുന്നത്. കാശ്മീരില്‍ മത പരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തിലാക്കുമെന്ന ആശങ്കയും മതന്യൂനപക്ഷങ്ങള്‍ക്കിടയിലുണ്ട്.

അതേസമയം, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അസഹിഷ്ണുത, ആള്‍ക്കൂട്ടാക്രമണം, മതപീഡനം, വിദ്വേഷപ്രചാരണം തുടങ്ങിയവയ്ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ട് അമ്പതോളം പ്രമുഖര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയയ്ക്കുകയുണ്ടായി. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമാണെന്നും കുറ്റവാളികള്‍ വേണ്ടത്ര ശിക്ഷിക്കപ്പെടാതെ പോകുന്നുണ്ടെന്നും കത്തില്‍ സൂചിപ്പിക്കുന്നു. 2009 ജനുവരി മുതല്‍ 2018 ഒക്ടോബര്‍ വരെ മതവിദ്വേഷത്തിന്‍റെ പേരില്‍ 91 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 579 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 90 ശതമാനവും 2014 മേയ് മാസം ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം സംഭവിച്ചിട്ടുള്ളതാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org