കഴിവുകളെ മറ്റുള്ളവര്‍ക്കായി ഉപയോഗപ്പെടുത്തുന്നവരാണു പ്രതിഭകള്‍: മാര്‍ ആലഞ്ചേരി

കഴിവുകളെ മറ്റുള്ളവര്‍ക്കായി ഉപയോഗപ്പെടുത്തുന്നവരാണു പ്രതിഭകള്‍: മാര്‍ ആലഞ്ചേരി

ദൈവം നല്‍കിയ കഴിവുകളെ തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും നന്മയുണ്ടാകുന്ന തരത്തില്‍ വളര്‍ത്തിയെടുക്കുന്നവരാണു യഥാര്‍ത്ഥ പ്രതിഭകളെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സീറോ മലബാര്‍ സഭ വിശ്വാസപരിശീലന കമ്മീഷന്‍റെ നേതൃത്വത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ കഴിവുകള്‍ നമ്മുടെ മാത്രം നേട്ടങ്ങള്‍ക്കു വേണ്ടിയാണെന്ന ചിന്ത ദൈവികമല്ല. പ്രതിഭകള്‍ വിശാലമായ ചിന്തകളുടെയും പങ്കുവയ്ക്കുന്ന മനോഭാവത്തിന്‍റെയും ഉടമകള്‍ കൂടിയാവണം. നമ്മുടെ കഴിവുകള്‍ മറ്റുള്ളവര്‍ക്കായിക്കൂടി ഉപയോഗിക്കുമ്പോഴാണു പ്രതിഭ അതിന്‍റെ പൂര്‍ണതയിലെത്തുന്നതെന്നും കര്‍ദി. മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.

വിശ്വാസപരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് പ്രതിഭാസംഗമത്തില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. അജയ് അജി കുന്നേല്‍ മാനന്തവാടി, അലന്‍ എന്‍. ജോര്‍ജ് മാപ്പിളപറമ്പില്‍ എറണാകുളം, നിവിന്‍ സിറിയക് പൂവാന്നികുന്നേല്‍ തൃശൂര്‍, അമല എസ്. തോമസ് ലാനിതോട്ടം കാഞ്ഞിരപ്പള്ളി, ഹെനാ ജോബി ഭരണികുളം ഇരിങ്ങാലക്കുട, ജാനിയ ഷൈജന്‍ തടങ്ങാഴിയില്‍ മാനന്തവാടി എന്നിവരാണു പ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ടത്. കമ്മീഷന്‍ അംഗം ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരി, വിശ്വാസ പരിശീലന കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്, സിസ്റ്റര്‍ ഡീന എന്നിവര്‍ പ്രസംഗിച്ചു. ഫാ. ഡായ് കുന്നത്ത്, നിജോ ജോസഫ് പുതുശേരി, വര്‍ഗീസ് പോള്‍, സി. ലിസ്നി, റോബിന്‍ പി.മാത്യു, അഡ്വ. ചാര്‍ളി പോള്‍, ഫാ. പോള്‍ റോബിന്‍ തെക്കത്ത്, ഫാ. പീറ്റര്‍ കണ്ണമ്പുഴ എന്നിവരാണു വിവിധ സെഷനുകള്‍ നയിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org