ഹോട്ടലുകളില്‍ ബിയര്‍ ഉത്പാദനം ജനകീയ പ്രക്ഷോഭങ്ങള്‍ ക്ഷണിച്ചുവരുത്തും: കെസിബിസി

ഹോട്ടലുകളില്‍ ബിയര്‍ ഉത്പാദനം ജനകീയ പ്രക്ഷോഭങ്ങള്‍ ക്ഷണിച്ചുവരുത്തും: കെസിബിസി

ഹോട്ടലുകളില്‍ ബിയര്‍ ഉത്പാദന യൂണിറ്റുകള്‍ തുടങ്ങാനുള്ള എക്സൈസ് വകുപ്പിന്‍റെ ശുപാര്‍ശ സംസ്ഥാനത്ത് നിയന്ത്രണമില്ലാത്ത മദ്യസംസ്കാരത്തിനു വഴി വയ്ക്കുന്നതാണെന്നും ഇത്തരം ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇറങ്ങി പുറപ്പെടുന്നത് വമ്പിച്ച ജനകീയ പ്രക്ഷോഭങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും കേരള കത്തോലിക്കാ മെത്രാന്‍സമിതി മുന്നറിയിപ്പു നല്‍കി. സംസ്ഥാനത്ത് എക്സൈസ് വകുപ്പിനെ കയറൂരി വിട്ടിരിക്കുന്ന പ്രതീതിയാണ്. കേരള സമൂഹത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തകര്‍ക്കുന്നതിനുള്ള ഗവേഷണങ്ങളാണ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. ജനതാല്പര്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മദ്യലോബിയുടെ താല്പര്യം മാത്രം കണക്കിലെടുത്തുകൊണ്ടുള്ള പരിഷ്കാര നിര്‍ദേശങ്ങളാണുണ്ടാവുന്നതെന്നത് അത്യന്തം ഖേദകരമാണ്.
ദേവാലയ മുറ്റത്തും വിദ്യാലയാങ്കണത്തിലും മദ്യക്കച്ചവടം നടത്താന്‍ ബാര്‍ മുതലാളിമാര്‍ക്ക് അവകാശം നല്കുന്നതിന് ശുപാര്‍ശ നല്കിയതും എക്സൈസ് വകുപ്പായിരുന്നു. ഇതേ വകുപ്പു തന്നെയാണ് മദ്യത്തിനെതിരെയുള്ള ,സര്‍ക്കാരിന്‍റെ ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്നത്. ഇത് സര്‍ക്കാരിന്‍റെ മദ്യവിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളെ പ്രഹസനമാക്കുന്നതാണ്. മദ്യവിരുദ്ധപ്രവര്‍ത്തനങ്ങളുടെ ചുമതല എക്സൈസ് വകുപ്പില്‍ നിന്ന് എടുത്തുമാറ്റി രാഷ്ട്രീയത്തിനുപരി പൊതുജന പങ്കാളിത്തമുള്ള ഒരു സമിതിയെ ഏല്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം – പത്രക്കുറിപ്പില്‍ കെസിബിസി ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org