Latest News
|^| Home -> National -> അസംഘടിത തൊഴിലാളികളുടെ ദുരിതപൂര്‍ണമായ ജീവിതാവസ്ഥയ്ക്ക് പരിഹാരം വേണം: കെസിബിസി

അസംഘടിത തൊഴിലാളികളുടെ ദുരിതപൂര്‍ണമായ ജീവിതാവസ്ഥയ്ക്ക് പരിഹാരം വേണം: കെസിബിസി

Sathyadeepam

ഇന്ത്യയുടെ ജി.ഡി.പി. ഗണനീയമായ വളര്‍ച്ച കൈവരിക്കുന്നു എന്നു പറയുമ്പോഴും അസംഘടിത തൊഴിലാളികളുടെ ജീവിതാവസ്ഥ അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണെന്നും നോട്ടുനിരോധനം, വേണ്ടത്ര മുന്‍ ഒരുക്കമില്ലാതെ ജി.എസ്.ടി. നടപ്പാക്കല്‍, കാര്‍ഷിക – മത്സ്യവ്യവസായരംഗത്തുള്ള തകര്‍ച്ച, ഇന്ധനവിലയില്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന വന്‍ വിലക്കയറ്റം തുടങ്ങിയ നിരവധി കാര്യങ്ങള്‍ സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതം ദുരിത പൂര്‍ണമാക്കിയിരിക്കുകയാണെന്നും കേരള കത്തോലിക്കാ സമിതി അഭിപ്രായപ്പെട്ടു. കെസിബിസിയുടെ തൊഴില്‍കാര്യ കമ്മീ ഷന്‍ പുറപ്പെടുവിച്ച മേയ്ദിന സന്ദേശത്തിലാണ് അസംഘടിത തൊഴിലാളികളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ തൊഴില്‍ ശക്തിയില്‍ 93 ശതമാനം പേരും അസംഘടിത തൊഴിലാളികളാണെന്നാണു സര്‍ക്കാരിന്‍റെ സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നതെന്നും രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്‍റെ (ജി.ഡി.പി.) 60 ശതമാനത്തോളം സാമൂഹിക സുരക്ഷ, നിയമപരിരക്ഷ, തൊഴിലുറപ്പ് എന്നിവയുടെ സംരക്ഷണം ലഭിക്കാത്ത അസംഘടിത മേഖലയുടെ സംഭാവനയാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

2008-ല്‍ പാര്‍ലമെന്‍റ് പാസ്സാക്കിയ അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാനിയമം ഇന്നും ഏട്ടിലെ പശുവാണ്. അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷാരംഗത്തു ചെറിയ സമാശ്വാസമെങ്കിലും നല്കിയിരുന്ന ആം ആദ്മി ബീമാ യോജന, സ്വാലംബന്‍, രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന, ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തുടങ്ങിയ പദ്ധതികള്‍ ഇല്ലാതാക്കപ്പെടുകയോ വെട്ടിക്കുറയ്ക്കപ്പെടുകയോ വിഹിതം വകമാറ്റി ചെലവഴിക്കപ്പെടുകയോ ആണ്. വേണ്ടത്ര വകയിരുത്തല്‍ ഇല്ലാത്തതു മൂലം അവ മിക്കവാറും പ്രഖ്യാപനങ്ങള്‍ മാത്രമാകുവാനാണ് സാധ്യത. ദേശീയതലത്തിലും വിവിധ സംസ്ഥാന തലങ്ങളിലും നിലവിലുള്ള നൂറില്‍പരം തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കുകയും സംയോജിപ്പിക്കുകയും ചെയ്ത് നാലു നിയമങ്ങളായി ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. തൊഴിലാളികള്‍ ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന പല അവകാശങ്ങളും സാമൂഹിക സുരക്ഷാസംവിധാനങ്ങളും ഇല്ലാതാക്കുകയോ ചുരുക്കുകയോ ചെയ്യുന്ന രീതിയിലാണു പുതിയ നിയമങ്ങള്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നത് എന്ന പരാതി വ്യാപകമായി ഉയര്‍ന്നു വന്നിട്ടുണ്ട്. മൂലധന ഉടമയ്ക്കു സഹായകരമാകുന്നതാണു പുതിയ നിയമങ്ങളുടെ മൗലിക സമീപനം എന്നതാണു ട്രേഡ് യൂണിയനുകളും തൊഴില്‍ മേഖലയിലെ വിദഗ്ധരും ഉന്നയിക്കുന്ന ആക്ഷേപം. ഇന്ത്യന്‍ ലേബര്‍ കോണ്‍ഗ്രസ്സ് പോലെയുള്ള ത്രികക്ഷി സംവിധാനങ്ങള്‍ വഴിയും ഉഭയകക്ഷി ചര്‍ച്ചകള്‍ വഴിയും തൊഴിലാളികളെ വിശ്വാസത്തിലെടുത്തതിനു ശേഷം മാത്രമേ നിയമങ്ങള്‍ക്ക് അന്തിമ രൂപം നല്കാന്‍ പാടുള്ളൂ – സര്‍ക്കുലറില്‍ വിശദീകരിക്കുന്നു.

അസംഘടിത തൊഴിലാളികളോട് സംസ്ഥാന സര്‍ക്കാരും ചിറ്റമ്മനയമാണു തുടരുന്നതെന്ന ആക്ഷേപത്തിലും കഴമ്പുണ്ട്. വാര്‍ദ്ധക്യകാല പെന്‍ഷന്‍റെ പ്രതിവര്‍ഷവര്‍ധനവിനുള്ള വാഗ്ദാനത്തില്‍ നിന്നും സാമ്പത്തിക പരാധീനതയുടെ പേരു പറഞ്ഞു സര്‍ക്കാര്‍ പിന്നാക്കം പോയിരിക്കുന്നു. എന്നാല്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഒരു തടസ്സവും കാണാനില്ല. അസംഘടിത തൊഴിലാളികള്‍ക്കു വേണ്ടിയുള്ള ഇരുപത്തഞ്ചില്‍പരം ക്ഷേമനിധികള്‍ കേരളത്തിന്‍റെ സ്വകാര്യ അഭിമാനമായിരുന്നു. എന്നാല്‍ ഇന്നതെല്ലാം കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു. ക്ഷേമനിധികളുടെ അംശാദായം, ഇന്‍ഷ്വറന്‍സ് പ്രീമിയം എന്നിവ യാതൊരു നീതീകരണവുമില്ലാതെ വര്‍ധിപ്പിച്ചും ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും ക്ഷേമ നിധികള്‍ മരവിപ്പിച്ചും ക്ഷേമനിധി ഫണ്ടുകള്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കായി വകമാറ്റിയും അസംഘടിത തൊഴിലാളികളെ കൂടുതല്‍ പ്രതിസന്ധിയിലേക്കു തള്ളിവിട്ടിരിക്കുകയാണ്. ആയതിനാല്‍ സര്‍ക്കാരുകള്‍, അസംഘടിത മേഖലയിലെ തൊഴിലാളികളോടു കൂടുതല്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കേണ്ടതുണ്ട് – കെസിബിസി ലേബര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് അലക്സ് വടക്കുംതല, വൈസ് ചെയര്‍മാന്‍മാരായ ബിഷപ് ജോസ് പുത്തന്‍വീട്ടില്‍, ബിഷപ് തോമസ് മാര്‍ യൗസേബിയൂസ് എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച സന്ദേശത്തില്‍ വ്യക്തമാക്കി.

Leave a Comment

*
*