മാതൃകാ ജീവിതം നയിക്കാന്‍ വൈദികരും വിശ്വാസിസമൂഹവും ശ്രദ്ധിക്കണം : കെ.സി.ബി.സി.

കാലമുയര്‍ത്തുന്ന പുതിയ വെല്ലുവിളികളില്‍ മാനുഷികമായ എല്ലാ ബലഹീനതകളുടെ മധ്യത്തിലും ദൈവകൃപയിലാശ്രയിച്ച് മാതൃകാജീവിതം പുലര്‍ത്താന്‍ വൈദികരും സന്ന്യസ്തരും വിശ്വാസികളും ശ്രദ്ധിക്കണമെന്നും ജീവിതത്തിന്‍റെ ഏതു സാഹചര്യത്തിലും സ്നേഹത്തില്‍ ആഴപ്പെടാനും മറ്റുള്ളവര്‍ക്കു നന്മ ചെയ്യാനും വിശുദ്ധിയില്‍ വളരാനും ദൈവത്തിലാശ്രയിച്ച് പരിശ്രമിക്കണമെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. വീഴ്ചകളും ഇടര്‍ച്ചകളും ഉണ്ടാകാതിരിക്കാന്‍ വൈദികരും സന്ന്യസ്തരും വിശ്വാസീസമൂഹവും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ദൈവികമായ പ്രത്യാശയില്‍ ജീവിതം നയിക്കാന്‍ കൂടുതല്‍ ആഴമായ പ്രാര്‍ഥനയും വിശ്വാസതീക്ഷ്ണതയും സഭയിലുണ്ടാകണം. അതിവേഗം മാറുന്ന ലോകത്തിന്‍റെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ആഴമായ വിശ്വാസവും പ്രാര്‍ഥനയും ആവശ്യമാണ്.

സഭാംഗങ്ങളുടെ തെറ്റുകളെയും കുറ്റങ്ങളെയും ബലഹീനതകളെയും അതര്‍ഹിക്കുന്ന ഗൗരവത്തോടുകൂടിത്തന്നെയാണ് സഭ എന്നും കാണുന്നത്. വിശുദ്ധി എന്ന പ്രക്രിയയിലൂടെ കടന്നുപോകുന്ന ഒരു സമൂഹമാണ് സഭ. സ്വാഭാവികമായി അതില്‍ വിശുദ്ധരും ബലഹീനരുമുണ്ടാകും. തെറ്റുകള്‍ സഭ ഒരിക്കലും മൂടിവയ്ക്കാറില്ല. ഉചിതമായ അന്വേഷണങ്ങളും തിരുത്തലുകളും ശിക്ഷണ നടപടികളും ഉണ്ടാകും. സത്യത്തിനും നീതിക്കുംവേണ്ടിയുള്ള ഉത്തരവാദിത്വപ്പെട്ടവരുടെ നിയമാനുസൃതമായ എല്ലാ സംരംഭങ്ങളുമായി സഭ അങ്ങേയറ്റം സഹകരിക്കും.

ഊഹാപോഹങ്ങളുടെയും ഇനിയും തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെയും പേരില്‍ സഭയുടെ വിശുദ്ധ സങ്കല്പങ്ങളെ അവഹേളിക്കുകയും മതജീവിതത്തിന്‍റെ പ്രതീകങ്ങളെ വികലമായി ചി ത്രീകരിക്കുകയും ചെയ്യുന്ന പ്രവണതകള്‍ വര്‍ധിച്ചുവരുന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. സഭയുടെ സല്‍പേരിനെ കളങ്കപ്പെടുത്താനും സഭാവിശ്വാസങ്ങളെയും പുരോഹിതരെയും അധിക്ഷേപിക്കാനും, സമൂഹത്തില്‍ തെറ്റിദ്ധാരണയും സ്പര്‍ദ്ധയും കലഹവും വളര്‍ത്തി നേട്ടങ്ങളുണ്ടാക്കാനും, കേരളത്തിലെ ചില മാധ്യമങ്ങള്‍ നടത്തുന്ന വിദ്വേഷ പ്രചാരണ പരിപാടികളില്‍ കെസിബിസി അതൃപ്തി യും പ്രതിഷേധവും രേഖപ്പെടുത്തി.

മഴക്കെടുതിമൂലവും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് കെസിബിസി ആദരാഞ്ജലികളര്‍പ്പിച്ചു. പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ വേദനിക്കുകയും വീടും വസ്തുവകകളും നഷ്ടമായതില്‍ ദുഃഖിക്കുകയും ചെയ്യുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അവരുടെ ആശ്വാസത്തിനായി പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. കത്തോലിക്കാസഭയുടെ എല്ലാ സ്ഥാപനങ്ങളും ഇടവകകളും വിശ്വാസീസമൂഹവും പ്രാദേശിക ഭരണ സംവിധാനങ്ങളോടും മറ്റു സന്നദ്ധസംഘടനകളോടും ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്നും കെസിബിസി നിര്‍ദേശിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org