കോളജുകളിലെ രാഷ്ട്രീയ സംഘടന നിയമനിര്‍മ്മാണ നടപടി പുനഃപരിശോധിക്കണം – കെ.സി.ബി.സി. വിദ്യാഭ്യാസകമ്മീഷന്‍

കോളജുകളില്‍ രാഷ്ട്രീയ സംഘടനാപ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് കാത്തലിക് കോളജ് മാനേജേഴ്സ് കണ്‍സോര്‍ഷ്യം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ കോടതിയില്‍ എത്തിയിട്ടുള്ള നിരവധി കേസുകളില്‍ കോളജു ക്യാമ്പസുകളില്‍ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകളാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ സുപ്രീം കോടതി നിയോഗിച്ച ലിങ്ങ്ദോ കമ്മിറ്റിയുടെ മാനദണ്ഡങ്ങളനുസരിച്ച് കോളജുകളില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പു നടപടികള്‍ നടക്കുമ്പോള്‍ അതിനു വിരുദ്ധമായി സംസ്ഥാനതലത്തില്‍ നിയമനിര്‍മ്മാണം നടത്തുന്നതിന്‍റെ നിയമസാധുതയും പരിശോധിക്കേണ്ടതായിട്ടുണ്ട്. രാഷ്ട്രീയം കോളജ് ക്യാമ്പസില്‍ അനുവദിക്കുവാനുള്ള ആലോചന സര്‍ക്കാര്‍ തുടങ്ങിയപ്പോള്‍ തന്നെ എറണാകുളം മഹാരാജാസ് കോളജില്‍ നടന്ന നിഷ്ഠൂരമായ കൊലപാതകം, നമ്മുടെ കോളജുകള്‍ പക്വമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇനിയും സജ്ജമായിട്ടില്ല എന്ന വ്യക്തമായ സൂചനയായി സര്‍ക്കാര്‍ തിരിച്ചറിയണം. കോളജുകളില്‍ കക്ഷി രാഷ്ട്രീയം ഇല്ലാത്തതുകൊണ്ടാണ് വര്‍ഗ്ഗീയ ശക്തികളുടെ അതിപ്രസരമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശവാദത്തെ തള്ളിക്കളയുന്നതാണ് രാഷ്ട്രീയപ്രവര്‍ത്തനം വിപുലമായ രീതിയില്‍ നടപ്പിലാക്കിയിരുന്ന മഹാരാജാസ് കോളജിലുണ്ടായ ഈ സംഭവം. ഇപ്പോള്‍ സാമാന്യം സമാധാനാന്തരീക്ഷത്തിലുള്ള കോളജ് ക്യാമ്പസുകളെ അക്രമകലുഷിതമാക്കുവാനും പഠിക്കുവാനാഗ്രഹിക്കുന്ന യുവതലമുറയെ വഴിയാധാരമാക്കുവാനും മാത്രമേ സര്‍ക്കാരിന്‍റെ ഈ നടപടി ഉപകരിക്കൂ എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രസ്താവിച്ചു.

വര്‍ഷങ്ങളായി ഉന്നത വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചിരുന്ന സ്വതന്ത്ര ഏജന്‍സിയായ യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍ നിര്‍ത്തലാക്കിക്കൊണ്ട് ഹയര്‍ എഡ്യൂക്കേഷന്‍ കമ്മീഷന്‍ രൂപീകരിക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നടപടികള്‍ ആശങ്കയുളവാക്കുന്നതാണെന്നും കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം അപകടകരമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പി.ഒ.സി.യില്‍ വച്ചു നടത്തുന്ന സമ്മേളനത്തില്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍, ഫാ. ഫിലിപ്പ് വടക്കേക്കളം, ഫാ. വിന്‍സെന്‍റ് നെടുങ്ങാട്ട്, ഡോ. ഔസേപ്പച്ചന്‍ കെ.വി. എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org