പഠനാന്തരീക്ഷവും രാഷ്ട്രീയാവബോധവുമുള്ള കാമ്പസുകള്‍ ഇന്നിന്‍റെ ആവശ്യം: കെസിബിസി ജാഗ്രതാകമ്മീഷന്‍

പഠനാന്തരീക്ഷവും രാഷ്ട്രീയാവബോധവുമുള്ള കാമ്പസുകള്‍ ഇന്നിന്‍റെ  ആവശ്യം: കെസിബിസി ജാഗ്രതാകമ്മീഷന്‍

കാമ്പസില്‍ കക്ഷി രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 'കാമ്പസും കക്ഷിരാഷ്ട്രീയവും' എന്ന വിഷയത്തില്‍ കെസിബിസി സെക്രട്ടറിയേറ്റും ഐക്യജാഗ്രതാ കമ്മീഷനും സംയുക്തമായി നടത്തിയ സംവാദത്തില്‍ ജസ്റ്റിസ് സിറിയക് ജോസഫ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, പി.സി. സിറിയക് ഐഎഎസ് എന്നിവര്‍ വിഷയാവതരണം നടത്തി.

കക്ഷിരാഷ്ട്രീയം സ്കൂള്‍-കോളജ് കാമ്പസുകളില്‍ നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതിവിധിയെ ജസ്റ്റിസ് സിറിയക് ജോസഫ് സ്വാഗതം ചെയ്തു. കോടതിവിധിയുടെ പ്രസക്തഭാഗങ്ങളും ഇതേ വിഷയത്തില്‍ കേരള ഹൈക്കോടതിയും സുപ്രീംകോടതിയടക്കമുള്ള മറ്റു കോടതികളും നടത്തിയിട്ടുള്ള വിധിതീര്‍പ്പുകളും നിരീക്ഷണങ്ങളും ഉദ്ധരിച്ചുകൊണ്ട് അക്രമാസക്തവും അവസരവാദപരവുമായ വിദ്യാര്‍ത്ഥി രാഷ്ട്രീയം കുറച്ചുപേരുടെ രാഷ്ട്രീയ ഭാവിക്കുവേണ്ടി ഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെ പഠനവും ഭാവിയും നശിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ മുക്തമായ കാമ്പസുകള്‍ അഴിമതിയുടെയും വര്‍ഗീയതയുടെയും സമുദായ സ്വാര്‍ത്ഥതയുടെയും വേദിയാകുമെന്ന വാദം യുക്തിരഹിതമാണെന്നും വിദ്യാലയങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ റിക്രൂട്ടിങ്ങ് സെന്‍ററുകളാകുന്ന പ്രവണതയെയാണ് കോടതി നിരോധിച്ചിരിക്കുന്നതെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. എന്നാല്‍ ക്യാമ്പസുകള്‍ക്ക് പുറത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തെ കോടതി വിധി ബാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

18-ാം വയസ്സില്‍ സമ്മതിദാന അവകാശം വിനിയോഗിക്കേണ്ട വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയബോധമുള്ളവരും വിമര്‍ശിക്കാനും നിലപാടുകളെടുക്കാനും പ്രാപ്തിയുള്ളവരുമാകണമെന്നും അതിനുതകുന്ന വിദ്യാര്‍ത്ഥിസമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയുന്ന രാഷ്ട്രീയം കാമ്പസുകില്‍ ഉറപ്പുവരുത്തുന്ന നിയമനിര്‍മ്മാണം ഇന്നിന്‍റെ ആവശ്യമാണെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാട്ടി. കക്ഷിരാഷ്ട്രീയം ഇല്ലാതെയും ഉയര്‍ന്ന രാഷ്ട്രീയബോധവും സംഘടനാശേഷിയുമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉറപ്പാക്കാന്‍ കഴിയുമെന്നും ഇന്നത്തെ രാഷ്ട്രീയത്തെ നയിക്കുന്ന പ്രധാന ഘടകം വയലന്‍സ് ആണെന്നും അത് കാമ്പസുകളില്‍ നിരോധിക്കപ്പെടേണ്ടതാണെന്നും പി.സി. സിറിയക് ഐഎഎസ് അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ ചുണക്കുട്ടികളാകാന്‍ രാഷ്ട്രീയക്കാരാകണമെന്നില്ല, ചുണക്കുട്ടികളെല്ലാം രാഷ്ട്രീയക്കാരാകണമെന്നുമില്ല. വിദ്യാര്‍ത്ഥികള്‍ കക്ഷിരാഷ്ട്രീയത്തിന്‍റെ ഇരകളുമാകുന്നതിന് ഇ.എം.എസ്. നമ്പൂതിരിപാട് അനുവദിച്ചിരുന്നില്ലെന്നും സ്വതന്ത്ര ചിന്താഗതിയുള്ള വിദ്യാര്‍ത്ഥി യൂണിയനുകളെയാണ് അദ്ദേഹം വിഭാവനം ചെയ്തിരുന്നതെന്നും പി.സി. സിറിയക് ചൂണ്ടിക്കാട്ടി. കാമ്പസ് രാഷ്ട്രീയത്തിന് അനുകൂലമായ നിയമനിര്‍മ്മാണം നടത്തണമെന്നു വാദിക്കുന്ന ഇന്നത്തെ രാഷ്ട്രീയ നേതാക്കള്‍ ദീര്‍ഘദൃഷ്ടി കുറഞ്ഞവരും പ്രതിലോമകരമായ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവരുമാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്ത പൊതുചര്‍ച്ച, ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യമൂല്യങ്ങളും ഉറപ്പാക്കുന്ന ഉയര്‍ന്ന രാഷ്ട്രീയബോധം വിദ്യാര്‍ത്ഥികളില്‍ വളര്‍ത്താന്‍ കഴിയുന്ന ഒരു അക്കാദമിക്, സാംസ്കാരിക സാഹചര്യം കാമ്പസുകളില്‍ ഉറപ്പാക്കണമെന്നും ഇതിനുതകുന്ന വിദ്യാഭ്യാസവും സംഘടനാപരിചയവും നേടാനുള്ള അവസരം കാമ്പസുകളില്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. ലിഡാ ജേക്കബ് ഐഎഎസ് ചര്‍ച്ച നിയന്ത്രിച്ചു. ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍ സിഎസ്റ്റി, ഫാ. ജോസ് കരിവേലിക്കല്‍, ഡോ. കൊച്ചുറാണി ജോസഫ്, ഡോ. വി.എസ്. സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org