പതിനേഴാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പുഫലം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ ഒരിക്കല്‍ കൂടി അധികാരത്തിലേറ്റുമ്പോള്‍ ജനവിധി അംഗീകരിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് കെസിബിസി നേതൃത്വം അനുസ്മരിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷിതത്വവും പുരോഗതിയും എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമവും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭരണഘടനയുടെ സമഗ്രതയും അടിസ്ഥാന സവിശേഷതകളും സംരക്ഷിക്കുന്നതിനും അത് ഉറപ്പു നല്കുന്ന മൂല്യങ്ങളില്‍ നിന്നും ലക്ഷ്യങ്ങളില്‍ നിന്നും മാറാതെ രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിനും ഇത്തരത്തിലുള്ള സഹകരണത്തിന്റെ മനോഭാവം അനിവാര്യമാണ്. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും സമൂഹത്തിന്റെ പൊതുനന്മ ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുന്നതിനും ജനപ്രതിനിധികള്‍ക്കു കഴിയണം. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ ഭരണനേതൃത്വങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന സമീപനം അഭികാമ്യമല്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും പുനര്‍നിര്‍മാണത്തിനും നവകേരള നിര്‍മിതിക്കും അത്യന്താപേക്ഷിതമാണെന്നും കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. എം. സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സെക്രട്ടറി ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
