പ്രകൃതി ദുരന്തങ്ങളും രാഷ്ട്രീയ സംഘട്ടനങ്ങളും അടിസ്ഥാന വിഭാഗങ്ങളെ തകര്‍ക്കുന്നു — കെസിബിസി ലേബര്‍ കമ്മീഷന്‍

കേരളത്തില്‍ അടിക്കടി ഉണ്ടാകുന്ന രാഷ്ട്രീയ അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഏതാണ്ടു മുഴുവന്‍ പേരും അസംഘടിത മേഖലയിലെ തൊഴിലാളികളും ദരിദ്ര കുടുംബങ്ങളിലെ അംഗങ്ങളുമാണെന്നും തെറ്റായ നയങ്ങളും പ്രകൃതിദുരന്തങ്ങളും രാഷ്ട്രീയ സംഘട്ടനങ്ങളും അടിസ്ഥാന വിഭാഗത്തിന്‍റെയും അസംഘടിത തൊഴിലാളികളുടെയും ജീവിത സാഹചര്യങ്ങളെയാണു തകര്‍ത്തെറിയുന്നതെന്നും കെസിബിസി ലേബര്‍ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഈ സത്യം മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും കാണാതെ പോകരുത്. കാരണം അരക്ഷിതാവസ്ഥയില്‍ അകപ്പെട്ടു പോകുന്ന യുവത്വം വഴിവിട്ട ധനാഗമ മാര്‍ഗങ്ങളിലേക്കും തീവ്രവാദത്തിലേക്കുമെല്ലാം തിരിഞ്ഞെന്നു വരാം. ഇത് രാജ്യത്തിന്‍റെ വികസനത്തെയും സുസ്ഥിരതയെയും ബാധിക്കും – മേയ്ദിന സന്ദേശത്തില്‍ കെസിബിസി ലേബര്‍ കമ്മീഷന്‍ അനുസ്മരിപ്പിച്ചു.

അസംഘടിത തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും അവര്‍ക്കു നീതി ഉറപ്പാക്കുന്നതിനും കേന്ദ്ര ട്രേഡ് യൂണിയനുകള്‍ വേണ്ടത്ര പരിഗണന നല്‍കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. കക്ഷി രാഷ്ട്രീയ താത്പര്യങ്ങള്‍ മാറ്റിവച്ചു തൊഴിലാളികളുടെയും രാജ്യത്തിന്‍റെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ട്രേഡ് യൂണിയനുകള്‍ ഐക്യത്തോടെ മുന്നോട്ടു വരണം. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് അസംഘടിത തൊഴിലാളികളുടെ പ്രഖ്യാപിതപദ്ധതികളില്‍ ഇടയ്ക്കിടെ മാറ്റങ്ങള്‍ വരുത്തുകയും ഓരോ സര്‍ക്കാര്‍ തന്നെ ആദ്യം സമാരംഭിച്ച പദ്ധതികള്‍ യാതൊരു മുന്നറിയി പ്പുമില്ലാതെ പിന്‍വലിക്കുകയും പുതിയവ അവതരിപ്പിക്കുകയും ചെയ്യുന്നു. വിലവര്‍ദ്ധനയും കാ ലാവസ്ഥ വ്യതിയാനവും പകര്‍ച്ച വ്യാധികളുമെല്ലാം ജീവിതത്തെ വരിഞ്ഞു മുറുക്കുമ്പോഴും അവയെ അതിജീവിക്കാനുള്ള സമഗ്രമായ പദ്ധതികള്‍ ഉണ്ടാകാത്തത് ഉത്കണ്ഠാജനകമാണ്.

കത്തോലിക്കാസഭ എന്നും തൊഴിലാളികള്‍ക്കും സമൂഹത്തിലെ അടിസ്ഥാന ജനങ്ങള്‍ക്കുമൊപ്പം നീതിയുടെയും ധാര്‍മ്മികതയുടെയും സ്വരമായി നിലനിന്നിട്ടുണ്ടെന്ന് സര്‍ക്കുലറില്‍ വിശദീകരിക്കുന്നു. കെസിബിസിയുടെ തൊഴില്‍കാര്യ കമ്മീഷനും അതിന്‍റെ ഔദ്യോഗിക സംഘടനയായ കേരള ലേബര്‍ മൂവ്മെന്‍റും വഴിയാണ് കേരള സഭയുടെ തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ വിവിധ പദ്ധതികളില്‍ തൊഴിലാളികളെ ഗുണഭോക്താക്കളാക്കുന്നതടക്കം തൊഴില്‍ പരിശീലനം, ഇന്‍ഷൂറന്‍സ്, സംരംഭക സഹായം, ശാക്തീകരണം തുടങ്ങി വിവിധ തലങ്ങളില്‍ സഭ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.

തൊഴില്‍ ചെയ്യുകവഴി ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തിലും രക്ഷാകര്‍മ്മത്തിലും ഓരോ തൊഴിലാളിയും പങ്കുചേരുകയാണെന്ന് സര്‍ക്കുലറിലൂടെ ലേബര്‍ കമ്മീഷന്‍ അനുസ്മരിപ്പിച്ചു. സഭാസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നിയമാനുസൃതമുള്ള സേവന വേതന വ്യവസ്ഥകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് സ്ഥാപനാധികാരികള്‍ ഉറപ്പാക്കണമെന്നും കെസിബിസി ലേബര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് അലക്സ് വടക്കുംതല, വൈസ് ചെയര്‍മാന്മാരായ മാര്‍ ജോസ് പുത്തന്‍ വീട്ടില്‍, തോമസ് മാര്‍ യൗസേബിയൂസ് എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org