ഡിസ്റ്റലറി, ബ്രൂവറികളുടെ അനുമതി പിന്‍വലിക്കണം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

നടപടിക്രമങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ച നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരള ജനതയെ മദ്യപ്രളയത്തില്‍ ആഴ്ത്താനുള്ള നീക്കം അതീവ ഗൗരവതരമായിട്ടാണ് മനുഷ്യസ്നേഹികള്‍ കാണുന്നത്. ഒരു ദുരിതത്തെ നേരിടാന്‍ മറ്റൊരു ദുരിതത്തെ ക്ഷണിച്ചുവരുത്തുകയാണ് ഈ സര്‍ക്കാര്‍.

പ്രളയക്കെടുതിയുടെ മറവില്‍ മദ്യപ്രളയം സൃഷ്ടിച്ച് ഖജനാവ് നിറയ്ക്കാന്‍ നടത്തുന്ന നീക്കം 'കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നതിന്' തുല്യമാണ്. ഈ നടപടി കേരളത്തെ 'നവകേരള'മാക്കാന്‍ സാധിക്കുമോ എന്നു സര്‍ക്കാര്‍ ചിന്തിക്കണം. മദ്യവര്‍ജ്ജനം പറഞ്ഞ് ജനത്തിന് പ്രതീക്ഷ നല്‍കിയവര്‍ കടകവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നത് ജനവിരുദ്ധമാണ്.

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനുള്ളില്‍ ഒരു സര്‍ക്കാരും ധൈര്യപ്പെടാത്ത നടപടികളാണ് ഈ സര്‍ക്കാര്‍ മദ്യനയത്തിന്‍റെ കാര്യത്തില്‍ സ്വീകരിച്ചു പോരുന്നത്. ഈ നടപടി പൊതുസമൂഹത്തിന്‍റെ സാമ്പത്തിക സമത്വത്തെയും മാനസിക-ശാരീരികാരോഗ്യതലത്തെ തകര്‍ക്കും. മനുഷ്യ ജീവനു വില കല്പിക്കുന്നുണ്ടെങ്കില്‍ അടച്ചുപൂട്ടിയ മുഴുവന്‍ മദ്യശാലകളും വീണ്ടും അടച്ചുപൂട്ടുകയും പുതുതായി തുടങ്ങിയ മദ്യഫാക്ടറികള്‍ നിര്‍ത്തലാക്കുകയും ചെയ്യണം. മദ്യവര്‍ജ്ജനം നയമായി സ്വീകരിച്ചവര്‍ അധികാരത്തില്‍ വന്നതിനുശേഷം ഈ കാര്യത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള കണക്കുകളും റിപ്പോര്‍ട്ടും പുറത്തുവിടണം.

സംസ്ഥാനത്തുടനീളം മദ്യമൊഴുക്കിയിട്ട് 14 ജില്ലകളിലും സര്‍ക്കാര്‍വക ഡി-അഡിക്ഷന്‍ സെന്‍ററുകള്‍ തുടങ്ങുന്നത് വിരോധാഭാസമാണ്. ഇത് പൊതുസമൂഹത്തിന്‍റെ കണ്ണില്‍ പൊടിയിടാനാണ്. ബിഷപ് റെമജിയൂസ് ഇഞ്ചനാനിയില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്യോസ്, ബിഷപ് ക്രിസ്തുദാസ് ആര്‍., ഫാ. ജേക്കബ് വെള്ള മരുതുങ്കല്‍, അഡ്വ. ചാര്‍ലി പോള്‍, പ്രസാദ് കുരുവിള, ഫാ. പോള്‍ കാരാച്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org