മദ്യപിച്ച് വാഹനാപകടമുണ്ടായാല്‍ സര്‍ക്കാരും കൂട്ടുപ്രതി -കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

രാജ്യത്തെ ഒരു പൗരന്‍ മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കുകയോ മറ്റു ദുരന്തങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്താല്‍ മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന സര്‍ക്കാരും ലൈസന്‍സിയും കൂട്ടുത്തരവാദിത്വമുള്ള കൂട്ടുപ്രതികളായി കരുതണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുരുവിള. കെ.സി.ബി.സി. മദ്യവിരുദ്ധസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.

അപകടകരവും അസഹ്യവും ആരോഗ്യത്തിന് ഹാനികരവുമായ മദ്യം വില്ക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ അബ്കാരിയായ സര്‍ക്കാരാണ്. ആരോഗ്യത്തിന് ഹാനികരമെന്ന വ്യക്തമായ ബോധ്യത്തോടെ ലേബല്‍ ചെയ്ത് വില്പന നടത്തി രാജ്യത്തെ പൗരന്മാരുടെ മദ്യാസക്തി എന്ന ബലഹീനതയെ ചൂഷണം ചെയ്യുന്ന സര്‍ക്കാര്‍ കൂട്ടുപ്രതി തന്നെ.

സമൂഹത്തിലെ എല്ലാ മേഖലകളിലേക്കും മദ്യവും മയക്കുമരുന്നും ഇരച്ചുകയറിയിരിക്കുന്നു എന്നതിന്‍റെ തെളിവാണ് ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ പത്രപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം. മദ്യപിച്ച് നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ കുറ്റാരോപിതരായി സ്റ്റേഷനില്‍ കൊണ്ടുവരുന്നവരെ സുബോധമില്ലാതെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് ഉരുട്ടിക്കൊല്ലുന്ന സംഭവങ്ങളും സമീപകാലത്തുണ്ടായി. ഏറ്റവും ജാഗ്രത പുലര്‍ത്തേണ്ട കെ.എസ്.ഇ.ബി. ഓഫീസുകളിലും പെട്രോള്‍ പമ്പുകളില്‍പോലും നൈറ്റ് ഡ്യൂട്ടിക്കാര്‍ മദ്യപിച്ച് ജോലി ചെയ്യുന്ന സ്ഥിതിവിശേഷമുണ്ട്. മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ തക്കവിധം ക്ലബ്ബ് ലൈസന്‍സുകളും സൊസൈറ്റി, പാര്‍ട്ടി ലൈസന്‍സുകളുമെല്ലാം ദുരന്തങ്ങളുടെ തീവ്രത കൂട്ടുന്നതായും കെസിബിസി മദ്യവിരുദ്ധ സമിതി വിലയിരുത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org