Latest News
|^| Home -> Kerala -> മദ്യം സുലഭമാക്കുന്ന നയം സര്‍ക്കാര്‍ പുനഃപരിശോധിക്കണം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

മദ്യം സുലഭമാക്കുന്ന നയം സര്‍ക്കാര്‍ പുനഃപരിശോധിക്കണം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

Sathyadeepam

കൊച്ചി: ബാര്‍ ഹോട്ടലുകള്‍ക്ക് ബിയര്‍ നിര്‍മ്മിക്കാനുള്ള “മൈക്രോ ബ്രൂവറിക്ക്” അനുമതി നല്‍കാനുള്ള നീക്കത്തിനെതിരെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി എറണാകുളം – അങ്കമാലി അതിരൂപതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനം ആചരിച്ചു.

കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ ഉദ്ഘാടനം ചെയ്തു. മദ്യവര്‍ജ്ജനം പറഞ്ഞ് അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാര്‍ മദ്യലഭ്യത സുലഭമാക്കിയത് അങ്ങേയറ്റം വഞ്ചനാപരവും പ്രതിഷേധാര്‍ഹവുമാണ്. മദ്യശാലകള്‍ക്ക് മദ്യനിര്‍മ്മാണ ലൈസന്‍സ് കൂടി നല്‍കുന്നതോടെ സാക്ഷരകേരളം അക്ഷരാര്‍ത്ഥത്തില്‍ രാക്ഷസകേരളമായി മാറും – അദ്ദേഹം പറഞ്ഞു.

സംസ്ഥാന ഭരണം നിയന്ത്രിക്കുന്നത് മദ്യമാഫിയയാണെന്ന് മദ്യവിരുദ്ധ സമിതി ചൂണ്ടിക്കാട്ടി. മദ്യവിപത്തിനെതിരെ കെ.സി.ബി.സി മദ്യവിരുദ്ധസമിതി സംഘടിപ്പിക്കുന്ന വിമോചനയാത്ര നവംബര്‍ 15 മുതല്‍ ഡിസംബര്‍ 2 വരെ നടക്കും. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയാണ് വിമോചനയാത്ര. മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിലാണ് ജാഥ നയിക്കുന്നത്. വിമോചനയാത്രയുടെ വിജയത്തിനായി അ ങ്കമാലി റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷനില്‍ സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. 24 വൈകീട്ട് 5 ന് അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷനില്‍ വിമോചന യാത്രയ്ക്ക് അതിരൂപതയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.

അതിരൂപതാ പ്രസിഡന്‍റ് കെ.എ. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. എം.പി ജോസി, ഷൈബി പാപ്പച്ചന്‍, പ്രഫ. കെ.കെ. കൃഷ്ണന്‍, സിസ്റ്റര്‍ മരിയൂസ, സിസ്റ്റര്‍ റോസ്മിന്‍, ഡോ. സി.എ. മുകുന്ദന്‍, കെ.എ. റപ്പായി, കെ.വി. ജോണി, ചെറിയാന്‍ മുണ്ടാടന്‍, കെ.ജെ. റാഫേല്‍, ഗ്രേസ്സി മാമ്പിള്ളി, ആന്‍റു മുണ്ടാടന്‍, എ.ഒ. പൗലോ, പൗളിന്‍ ജോസ്, സാന്‍ജോ ജോസഫ്, ടോമി വര്‍ഗീസ്, ജോര്‍ജ് ഇമ്മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

One thought on “മദ്യം സുലഭമാക്കുന്ന നയം സര്‍ക്കാര്‍ പുനഃപരിശോധിക്കണം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി”

  1. biju thomas says:

    കുടിക്കുന്നവർ എങ്ങനെ ആയാലും എവിടെ നിന്നെങ്കിലും വാങ്ങി കുടിക്കും. അടിച്ചു ഓഫ് ആകുന്നതു വരെ കുടിക്കും. ആയതിനാൽ വേഗം ആകുന്നതിനു ആൽക്കഹോൾ കൂടുതൽ അടങ്ങിയ വില കുറഞ്ഞ മദ്യം ലഭ്യമാകാൻ സർക്കാർ ഇടപെടണം. കുടിക്കുന്നവരുടെ കൈയിൽ കുറച്ചെങ്കിലും കാശ് ബാക്കി വരുമല്ലോ. ബാറുകൾ പൂട്ടണം ബീവറേജ് കൂടുതൽ തുറക്കട്ടെ. ബാറുകളിൽ കുടിക്കുമ്പോൾ കൂടുതൽ പണം കുറഞ്ഞ മദ്യത്തിന് ഈടാക്കുന്നു. അതിന്റെ കൂടെ തീറ്റയും. അപ്പോൾ സാദാരണക്കാരന്റെ കൈയിലെ കാശ് മുഴുവൻ വേഗം തീർന്നു പോകുന്നു. ബീവറേജ് ആകുമ്പോൾ കുറച്ചു സ്നാക്ക്സ് വാങ്ങി കുടിച്ചു അടങ്ങിക്കോളും. അതിനു വേണ്ടിയുള്ള കഷ്ടപ്പാട് കൂടെ അനുഭവിക്കട്ടെ. സർക്കാരിനും ലാഭം കുടിക്കുന്നവനും ലാഭം. മായം ചേർക്കാതെ കിട്ടും. കുടിയന്മാരുടെ വീട്ടിൽ കുറച്ചു കാശ് എത്തും അതുകൊണ്ടു ബാറുകൾ പൂട്ടി അതിനു അനുസൃതമായി ബീവറേജ് ഷോപ്പുകൾ തുറക്കാൻ എല്ലാവരും സമരം ചെയ്യട്ടെ നിങ്ങൾ 365 ദിവസം സമരം ചെയ്താലും കുടിക്കുന്നവർ എങ്ങനെ ആയാലും കുടിക്കും. അച്ചന്മാർ സർക്കാരിനോട് അല്ല സമരം ചെയ്യേണ്ടത്. മദ്യപാനം എന്ന വിപത്തിനെക്കുറിച്ചു വ്യക്തികളോട് ആണ്, സർക്കാർ മദ്യം വില്കട്ടെ, നിങ്ങൾ വ്യക്തികളോട് സുവിശേഷം പറയട്ടെ, അതിൽ നിന്ന് പിന്തിരിപ്പിക്കട്ടെ. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ മദ്യം വേണ്ട എന്ന് സഭ ഇതുവരെ പറയുന്നില്ലല്ലോ. വെറുതെ എന്തിനാ മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നത്. സാമൂഹിക സേവനം എന്ന കുപ്പായമിട്ട് ചുമ്മാ പുകമറ സൃഷ്ടിക്കാതെ. മധ്യവർജ്ജന സമരത്തിന് പള്ളീലച്ചന്മാർ നേതൃത്വം കൊടുക്കരുത്. സാധാരണക്കാരുടെ മധ്യവർജ്ജന സമിതി നേതൃത്വം മതി അല്ലാതെ ഒരു ജാതി ബ്ളാക് മെയിൽ പോലെ സമരം നടത്തരുത് .

Leave a Comment

*
*