കൊച്ചി: ബാര്‍ ഹോട്ടലുകള്‍ക്ക് ബിയര്‍ നിര്‍മ്മിക്കാനുള്ള "മൈക്രോ ബ്രൂവറിക്ക്" അനുമതി നല്‍കാനുള്ള നീക്കത്തിനെതിരെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി എറണാകുളം – അങ്കമാലി അതിരൂപതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനം ആചരിച്ചു.
കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ ഉദ്ഘാടനം ചെയ്തു. മദ്യവര്‍ജ്ജനം പറഞ്ഞ് അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാര്‍ മദ്യലഭ്യത സുലഭമാക്കിയത് അങ്ങേയറ്റം വഞ്ചനാപരവും പ്രതിഷേധാര്‍ഹവുമാണ്. മദ്യശാലകള്‍ക്ക് മദ്യനിര്‍മ്മാണ ലൈസന്‍സ് കൂടി നല്‍കുന്നതോടെ സാക്ഷരകേരളം അക്ഷരാര്‍ത്ഥത്തില്‍ രാക്ഷസകേരളമായി മാറും – അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഭരണം നിയന്ത്രിക്കുന്നത് മദ്യമാഫിയയാണെന്ന് മദ്യവിരുദ്ധ സമിതി ചൂണ്ടിക്കാട്ടി. മദ്യവിപത്തിനെതിരെ കെ.സി.ബി.സി മദ്യവിരുദ്ധസമിതി സംഘടിപ്പിക്കുന്ന വിമോചനയാത്ര നവംബര്‍ 15 മുതല്‍ ഡിസംബര്‍ 2 വരെ നടക്കും. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയാണ് വിമോചനയാത്ര. മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്മാന് ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിലാണ് ജാഥ നയിക്കുന്നത്. വിമോചനയാത്രയുടെ വിജയത്തിനായി അ ങ്കമാലി റെയില്‍വേ സ്റ്റേഷന് ജംഗ്ഷനില്‍ സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. 24 വൈകീട്ട് 5 ന് അങ്കമാലി റെയില്‍വേ സ്റ്റേഷന് ജംഗ്ഷനില്‍ വിമോചന യാത്രയ്ക്ക് അതിരൂപതയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
അതിരൂപതാ പ്രസിഡന്റ് കെ.എ. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. എം.പി ജോസി, ഷൈബി പാപ്പച്ചന്, പ്രഫ. കെ.കെ. കൃഷ്ണന്, സിസ്റ്റര്‍ മരിയൂസ, സിസ്റ്റര്‍ റോസ്മിന്‍, ഡോ. സി.എ. മുകുന്ദന്, കെ.എ. റപ്പായി, കെ.വി. ജോണി, ചെറിയാന് മുണ്ടാടന്‍, കെ.ജെ. റാഫേല്‍, ഗ്രേസ്സി മാമ്പിള്ളി, ആന്റു മുണ്ടാടന്‍, എ.ഒ. പൗലോ, പൗളിന് ജോസ്, സാന്‍ജോ ജോസഫ്, ടോമി വര്‍ഗീസ്, ജോര്‍ജ് ഇമ്മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു.