പ്രഥമവിധി അപ്രസ്ക്തമാക്കുന്ന വിധി: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

ദേശീയ സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ പാടില്ലെന്ന 2015 ഡിസംബര്‍ 15 ലെ വിധി അപ്രസക്തമാക്കുന്നതാണ് മദ്യവില്പനയ്ക്കുള്ള നിയന്ത്രണത്തില്‍ വീണ്ടും ഇളവു വരുത്തിയുള്ള സുപ്രീംകോടതി വിധിയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി. ഈ വിധി വീണ്ടും മദ്യശാലകള്‍ ഉദാരവല്‍ക്കരിക്കാന്‍ സര്‍ക്കാരിന് വഴിയൊരുക്കും. നഗരങ്ങളും പട്ടണങ്ങളും ഏതെന്ന് നിശ്ചയിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കുന്ന ഈ വിധി സര്‍ക്കാരിന് മദ്യശാലകള്‍ക്കുവേണ്ടി ഒരു നിമിഷംകൊണ്ട് ഗ്രാമങ്ങളെപ്പോലും പട്ടണങ്ങളായി നിര്‍വ്വചിച്ചുകൊണ്ട് നോട്ടിഫൈ ചെയ്യാന്‍ വഴിയൊരുക്കും.
പാതയോര മദ്യശാലകള്‍ നിമിത്തം ഒരുവര്‍ഷം ഒന്നേകാല്‍ ലക്ഷത്തോളം മനുഷ്യര്‍ക്ക് അപകടങ്ങളും അന്‍പത്തി അയ്യായിരത്തിലധികം മരണങ്ങളും സംഭവിക്കുന്നു എന്ന നിരവധി ഏജന്‍സികളുടെയും റോഡ് സേഫ്റ്റി കൗണ്‍സിലിന്‍റെയും നിരവധി വര്‍ഷങ്ങളിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലുള്ള പ്രഥമ വിധി, വാഹന അപകടനിരക്കു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് വ്യക്തമാക്കിയിരുന്നു. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി 2018-19 വിംശതി വര്‍ഷമായി ആചരിക്കുമെന്നും ഈ കാലയളവില്‍ സംസ്ഥാനത്തൊട്ടാകെ ഒട്ടേറെ കര്‍മ്മപരിപാടികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുമെന്നും സമിതി നേതൃത്വം അറിയിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തില്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org