കെസിബിസി പ്രോലൈഫ് സമിതി പാലക്കാട് രൂപതയില്‍ കാരുണ്യ സംഗമം നടത്തി

കെസിബിസി പ്രോലൈഫ് സമിതി പാലക്കാട് രൂപതയില്‍ കാരുണ്യ സംഗമം നടത്തി

പാലക്കാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളെയും സാമൂഹ്യപ്രവര്‍ത്തകരെയും ആദരിക്കുന്നതിനായി കെ.സി.ബി.സി. പ്രോലൈഫ് സമിതി നടത്തുന്ന, കാരുണ്യ കേരള സന്ദേശ യാത്രയ്ക്ക് പാലക്കാട് രൂപത സ്വീ കരണം നല്‍കി.
ജീവകാരുണ്യ പ്രവൃത്തികള്‍ ചെയ്യണമെന്നുള്ള അറിവ് കൊടുക്കുക എന്നതിനേക്കാള്‍ കൂടുതല്‍ നിങ്ങള്‍ അത് ചെയ്യുക എന്നാണ് യേശുക്രിസ്തു ആവശ്യപ്പെടുന്നതെന്ന് രൂപത വികാരി ജനറാള്‍ മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. പാലക്കാട് മേഴ്സി ഹോമില്‍ വച്ച് നടത്തപ്പെട്ട കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രവര്‍ത്തനോന്മുഖമായ ആദ്ധ്യാത്മികതയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിലനില്ക്കുന്നത്. അത് ഓരോ ക്രൈസ്തവന്‍റെയും കടമയാണ്. അതാണ് പ്രോലൈഫിന്‍റെയും കുടുംബകൂട്ടായ്മയുടെയും ഫാമിലി അപ്പസ്തോലൈറ്റിന്‍റെയും അംഗങ്ങള്‍ ശ്രദ്ധിക്കുന്നത്. ഇത്തരം ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രൂപതയിലെ വ്യക്തികള്‍ക്ക് എല്ലാവിധമായ ആദരങ്ങളും ബഹുമാനങ്ങളും കാരുണ്യ സംഗമം നല്‍കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
രൂപതയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും വികാരി ജനറാള്‍ മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ കെ.സി.ബി.സിയുടെ മംഗളപത്രവും പാലക്കാട് രൂപതയുടെ മെമന്‍റോയും നല്‍കി ആദരിച്ചു.
കാരുണ്യയാത്രയുടെ ലക്ഷ്യങ്ങളെക്കുറിച്ച് കെ.സി.ബി.സി. പ്രോലൈഫ് സമിതി ജനറല്‍ സെക്രട്ടറി സാബു ജോസ് വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്‍റുമാരായ യുഗേഷ് തോമസ്, ജെയിംസ് ആലങ്ങാടന്‍, സിസ്റ്റര്‍ മേരി ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫ്രാന്‍സിസ്ക വാരാപ്പുഴ, ഒ.വി. ജോസഫ് കൊച്ചി, ഷൈനി എറണാകുളം എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഫാമിലി അപ്പസ്തോലേറ്റ് പാലക്കാട് രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് തുരുത്തിപ്പള്ളി സ്വാഗതവും കുടുംബ കൂട്ടായ്മ രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍ നന്ദിയും പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org