ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങള്‍ നിഷേധിക്കുന്നു -കെ സി ബി സി വിദ്യാഭ്യാസ കമ്മീഷന്‍

സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിലെ 2016 മുതലുള്ള നിയമനങ്ങള്‍ക്ക് അംഗീകാരമില്ലാതെ, നൂറുകണക്കിന് അധ്യാപകര്‍ നാല് അധ്യയനവര്‍ഷങ്ങളായി പ്രതിഫലമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന അതീവ നിര്‍ഭാഗ്യകരമായ അവസ്ഥയാണ് ഇന്നുള്ളതെന്നും മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന ഈ അധ്യാപകരുടെ ധാര്‍മ്മിക സമരങ്ങളെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ആരോപിച്ചു.

ഞായറാഴ്ചകള്‍ അപ്രാഖ്യാപിത പ്രവൃത്തിദിനങ്ങളാക്കുന്ന ഒരു സമീപനം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതു അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ കമ്മീഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. വരുന്ന ക്രിസ്തുമസ്സ് അവധി ദിനങ്ങളില്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ (ഡിസംബര്‍ 21, 22, 23) സംസ്ഥാനത്തെ 6, 7, 8 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ത്രിദിന ഗണിത സഹവാസ ക്യാമ്പുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രൈസ്തവ വി ശ്വാസികളെ സംബന്ധിച്ചിടത്തോളം മതപഠന ക്ലാസുകള്‍ക്കും മറ്റ് ആരാധനാ ശുശ്രൂഷകള്‍ക്കും തടസ്സം സൃഷ്ടിക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണ കാര്യങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരേ തൂവല്‍ പക്ഷികളാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കലാലയങ്ങളില്‍ നിന്ന് പടിയിറങ്ങിയ വിദ്യാര്‍ത്ഥി രാഷ്ട്രീയം തിരിച്ചു വരുന്നതിന് നിയമപരിരക്ഷ നല്‍കുന്ന പുതിയ നിയമം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം ഉല്‍ക്കണ്ഠാജനകമാണ്. കലാലയ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള നിരവധിയായ കോടതി ഉത്തരവുകളെ മറികടക്കുവാന്‍ വേണ്ടി നടത്തുന്ന ഈ നിയമനിര്‍മ്മാണം നീതി ന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് വിദ്യാഭ്യാസ കമ്മീഷന്‍ ആരോപിച്ചു.

ചര്‍ച്ചകളുടെയും സമവായത്തിന്‍റെയും മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കാത്ത പശ്ചാത്തലത്തില്‍ 2020 ജനുവരി 17, 18 തീയതികളില്‍ തൊടുപുഴയില്‍ വച്ച് സംസ്ഥാനതല അധ്യാപക സംഗമം സംഘടിപ്പിക്കുമെന്നും സര്‍ക്കാര്‍ നിലപാടില്‍ മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഫെബ്രുവരി 5 ന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ അധ്യാപകരും, വിദ്യാഭ്യാസപ്രവര്‍ത്തകരും സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും കെസിബിസി. വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഭാരവാഹികളായ ഫാ. ജോസ് കരിവേലിക്കല്‍, ജോഷി വടക്കന്‍, എന്നിവര്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org