അദ്ധ്യാപക നിയമനത്തിലെ അപാകതകള്‍ പരിഹരിക്കണം -കെ സി ബി സി വിദ്യാഭ്യാസ കമ്മീഷന്‍

സ്വകാര്യ വിദ്യാഭ്യാസമേഖലയില്‍ അദ്ധ്യാപകനിയമനവുമായുള്ള നിരവധി പ്രതിസന്ധികള്‍ പരിഹരിക്കാത്ത അവസ്ഥയിലാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ആരോപിച്ചു. സംരക്ഷിത അദ്ധ്യാപകനിയമനത്തിന്‍റെ പേരില്‍ "പഴയ സ്കൂള്‍ – പുതിയ സ്കൂള്‍" വ്യത്യാസമില്ലാതെ അദ്ധ്യാപകനിയമനങ്ങള്‍ വ്യാപകമായി തടസ്സപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയിരുന്ന അര്‍ഹമായ സ്ഥലം മാറ്റങ്ങള്‍ പോലും തടസ്സപ്പെടുത്തി മാസങ്ങളായി ശമ്പളം തടസ്സപ്പെടുത്തിയിരിക്കുന്നു. ഇങ്ങനെ അസ്വസ്ഥമായ നൂറുകണക്കിന് അദ്ധ്യാപകരുടെ സാന്നിദ്ധ്യം പൊതു വിദ്യാഭ്യാസശാക്തീകരണമെന്ന പൊതു ദൗത്യത്തെ തന്നെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കമ്മീഷന്‍ പറഞ്ഞു

സംരക്ഷിത അദ്ധ്യാപകനിയമനത്തിനെതിരെ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളുടെ പേരില്‍ അനുവദനീയമായ നിയമനങ്ങള്‍ പോലും അംഗീകരിക്കാത്ത നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. കോര്‍പ്പറേറ്റ് മാനേജുമെന്‍റുകളില്‍ അദ്ധ്യാപകര്‍ക്കും മാനേജ്മെന്‍റിനും വളരെ ആവശ്യമായ സ്ഥലം മാറ്റങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു. അംഗീകരിക്കപ്പെടാത്ത ഒത്തിരിയേറെ നിയമനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ നിലവിലുള്ള ഒഴിവുകളിലേക്കു പോലും അദ്ധ്യാപകരെ നിയമിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. അണ്‍ ഇക്കണോമിക് സ്കൂളുകള്‍ തുടരുവാനനുവദിക്കുമ്പോഴും അവിടെ ദിവസവേതനാടിസ്ഥാനത്തില്‍ പോലും അദ്ധ്യാപകരെ നിയമിക്കുവാന്‍ സാധിക്കുന്നില്ല. ന്യൂനപക്ഷ താത്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ഗവണ്‍മെന്‍റ് പ്രതിജ്ഞാബദ്ധമാണ് എന്ന് പ്രഖ്യാപിക്കുമ്പോഴും ഈ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി മാനേജര്‍മാര്‍ കോടതികളെ നിരന്തരം ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഗവണ്‍മെന്‍റിന്‍റെ ഉദ്ദേശശുദ്ധിയെത്തന്നെ സംശയിക്കുവാന്‍ ഇടയാക്കിയിരിക്കുകയാണെന്ന് കമ്മീഷന്‍ ആരോപിച്ചു. പൊതു വിദ്യാഭ്യാസശാക്തീകരണയജ്ഞം ഫലപ്രദമായി മുമ്പോട്ടു കൊണ്ടു പോകുന്ന സര്‍ക്കാര്‍ അദ്ധ്യാപക സമൂഹത്തിന്‍റെ ഈ പ്രതിസന്ധികള്‍ പരിഹരിക്കുവാന്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്ന് കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org