കോളേജ് അധ്യാപക തസ്തിക നിര്‍ണയഭേദഗതി പിന്‍വലിക്കണം: കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരത്തെ വളരെ ഗൗരവമായി ബാധിച്ചേക്കാവുന്ന കോളേജുകളിലെ തസ്തിക നിര്‍ണയഭേദഗതി പിന്‍വലിക്കണമെന്ന് kcbc വിദ്യാഭ്യാസ കമ്മീഷന്‍. സാമ്പത്തിക ബാദ്ധ്യതയുടെ പേരില്‍ നിലവിലുള്ള 2000-ത്തിലധികം കോളേജ് അധ്യാപക തസ്തികകളാണ് ഈ ഉത്തരവുവഴി ഇല്ലാതാവുക. നിലവില്‍ ഒരു തസ്തികയ്ക്കുശേഷം 9 മണിക്കൂറില്‍ കൂടുതല്‍ ജോലിഭാരം ഉണ്ടെങ്കില്‍ ഒരു തസ്തിക കൂടി അനുവദിച്ചുതന്നിരുന്ന ഉത്തരവാണ് കൂടുതലായി 16 മണിക്കൂര്‍ ഉണ്ടെങ്കില്‍ മാത്രം രണ്ടാമത്തെ തസ്തിക അനുവദിക്കുകയുള്ളൂയെന്ന് ഭേദഗതി വരുത്തിയിരിക്കുന്നത്.

വിവിധ തടസ്സവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് അനുവദനീയമായ തസ്തികകളില്‍ പോലും യഥാസമയം നിയമനം നടത്താന്‍ സാധിക്കാതെ ഇപ്പോള്‍ തന്നെ അസ്വസ്ഥമായിരിക്കുന്ന കോളേജ് അന്തരീക്ഷം ഈ ഉത്തരവുവഴി കൂടുതല്‍ കലുഷിതമാകും എന്നതില്‍ സംശയമില്ല. സംസ്ഥാനത്തിലെ ജനങ്ങള്‍ വലിയ ഒരു ദുരന്തത്തില്‍ നിന്നുള്ള അതിജീവനത്തിനായി സംയുക്തമായി സഹകരിച്ചു മുന്നേറുമ്പോള്‍ ഇത്തരത്തിലുള്ള ഒരുത്തരവ് അനുചിതവും മനുഷ്യത്വരഹിതവും സ്വകാര്യമേഖലയോടുള്ള ഉദ്ദ്യോഗസ്ഥവൃന്ദത്തിന്‍റെ വൈരനിരാതന നടപടിയുടെ ഭാഗമായി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി പ്രോജക്ട് വര്‍ക്കുകളും വ്യക്തിഗത ഗൈഡന്‍സും ആനുകാലിക റിസേര്‍ച്ചുകളും വഴി വളരെ ഗൗരവമായി പഠനപ്രക്രിയ ആവശ്യമായ പിജി ക്ലാസുകളില്‍ അനുവദിച്ചിരുന്ന തസ്തിക നിര്‍ണ്ണയത്തിനുള്ള 1:1.5 എന്ന മാനദണ്ഡവും ഇതുവഴി ഇല്ലാതാക്കിയിരിക്കുകയാണ്.

കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ പ്രാപ്തരായ പ്രതിഭകളെ രൂപപ്പെടുത്തേണ്ട കലാലയങ്ങളില്‍ അധ്യാപകരുടെ എണ്ണം കുറച്ചും അധ്യാപരുടെ ജോലിഭാരം വര്‍ധിപ്പിച്ചും അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ പോരുന്ന ഈ ഉത്തരവ് പിന്‍വലിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയുടെ സുഗമമായ പ്രവര്‍ത്തനത്തിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുവാന്‍ തയ്യാറാകണമെന്ന് വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org