യുവജനവര്‍ഷത്തില്‍ യുവജനശുശ്രൂഷകള്‍ വിപുലീകരിക്കും: കെ സി ബി സി

യുവജനവര്‍ഷത്തില്‍ യുവജനശുശ്രൂഷകള്‍ വിപുലീകരിക്കും: കെ സി ബി സി

കേരളത്തിലെ കത്തോലിക്കാസഭയില്‍ യുവജനശുശ്രൂഷകള്‍ ശക്തിപ്പെടുത്തുകയും വിപൂലീകരിക്കുകയും ചെയ്യുക എന്നുള്ള ലക്ഷ്യത്തോടെയാണ് 2018 യുവജനവര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി. 2018 ജനുവരി 6 മുതല്‍ 2019 ജനുവരി 6 വരെയാണ് കേരളസഭ യുവജനവര്‍ഷമായി ആഘോഷിക്കുന്നത്.

റോമില്‍വച്ച് 2018 ഒക്ടോബര്‍ മാസം നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്‍റെ മുഖ്യപ്രമേയം 'യുവജന' ശുശ്രൂഷയാണ്. ഈ സിനഡിന്‍റെ പശ്ചാത്തലത്തില്‍ യുവജനങ്ങളെ കേള്‍ക്കുവാനും അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാനും പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഫലപ്രദമാക്കാനും കൂടിയാണ് കേരളസഭ യുവജനവര്‍ഷം ആചരിക്കുന്നത്. യുവജന സിനഡിന് ഒരുക്കമായി ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കിയ ഒരുക്കരേഖയുടെ സന്ദേശത്തോട് ചേര്‍ന്നുള്ള വിഷയങ്ങളാണ് യുവജന വര്‍ഷത്തില്‍ പഠനത്തിന് വിധേയമാക്കുന്നത്. അത് യുവജനം, വിശ്വാസം, അവരുടെ വിളി സംബന്ധമായ വിവേചിച്ചറിയല്‍ എന്നീ വിഷയങ്ങളാണ്. യുവജനങ്ങളുടെ ശബ്ദം നാളത്തെ സഭയുടെ ശബ്ദമാണെന്നും, ഇന്നത്തെ യുവജനസഭയെ ശാക്തീകരിച്ചാല്‍ കൂടുതല്‍ മെച്ചമായ സഭാശുശ്രൂഷകള്‍ വരുംകാലങ്ങളില്‍ സഭയിലൂടെ നല്കാന്‍ പറ്റും എന്നുള്ള ബോധ്യത്തിന്‍റെ പേരിലാണ് യുവജനവര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കെസിബിസി വ്യക്തമാക്കി.

യുവജനവര്‍ഷത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കി യുവജനങ്ങളെപ്പറ്റി ചിന്തിക്കാനും ഉത്സുകരാകാനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും കേരളത്തിലെ മൂന്ന് കത്തോലിക്കാ വിഭാഗത്തിലുംപെട്ട 32 രൂപതകളെ സജ്ജമാക്കുക എന്നതാണ് യുവജനവര്‍ഷത്തിന്‍റെ മുഖ്യലക്ഷ്യം. ഈ ലക്ഷ്യപ്രാപ്തിക്കായി കേരളത്തിലെ എല്ലാ രൂപതകളിലും വ്യക്തമായതും, സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതുമായ കര്‍മപരിപാടികളാണ് തയ്യാറാക്കുന്നത്. യുവജനങ്ങള്‍ കൂടുതല്‍ ഉള്‍ച്ചേര്‍ന്നു നില്കുന്ന വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹികശുശ്രൂഷ എന്നിവിടങ്ങളിലെ യുവജന പങ്കാളിത്തവും, അവര്‍ ഈ രംഗങ്ങളില്‍ നേരിടുന്ന വെല്ലുവിളികളും ചര്‍ച്ചയ്ക്കും പഠനത്തിനും വിധേയമാക്കുന്നതാണ്.

കേരളത്തിലെ വിവിധ യുവജനസംഘടനകളോടു ചേര്‍ന്നു നിന്നുകൊണ്ട് സമൂഹത്തില്‍ നിന്നും ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യാനും നീതിപൂര്‍വകമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും വേണ്ടിയുള്ള യുവജനപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ആധുനിക സമൂഹത്തില്‍ യുവജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ മൂല്യച്യൂതി, സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ നേരിടുന്ന പ്രതിസന്ധി, മദ്യം, മയക്കുമരുന്ന്, അസാന്മാര്‍ഗികത, തീവ്രവാദപ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി, ധാര്‍മിക പ്രതിസന്ധി എന്നിവയെല്ലാം ഇല്ലാതെയാക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികളും ആവിഷ്കരിക്കുമെന്ന് പത്രക്കുറിപ്പില്‍ കെസിബിസി വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org