കെ സി എസ് എല്‍ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം

കത്തോലിക്കാ വിദ്യാര്‍ത്ഥികളുടെ പഠനവും സേവനവും വിശ്വാസാധിഷ്ഠിതമാകണമെന്നും അതു ജീവിതശൈലിയാകുമ്പോഴാണ് സഭയിലും സമൂഹത്തിലും അവര്‍ ഉത്തമ ക്രിസ്തുസാക്ഷികളാകുന്നതെന്നും കോതമംഗലം ബിഷപ് മാര്‍ മാത്യു മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. മൂവാറ്റുപുഴയില്‍ കേരള കാത്തലിക് സ്റ്റുഡന്‍റ്സ് ലീഗിന്‍റെ (കെസിഎസ്എല്‍) സംസ്ഥാനതല പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ളവരായി വിദ്യാര്‍ത്ഥികളെ പരിവര്‍ത്തിപ്പിക്കുന്നതില്‍ കെസിഎസ്എല്‍ പോലുള്ള സംഘടനകള്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെസിഎസ്എല്‍ മാര്‍ഗ്ഗരേഖാ പ്രകാശനവും പഠനോപകരണ കിറ്റിന്‍റെ വിതരണവും മാര്‍ മഠത്തിക്കണ്ടത്തില്‍ നിര്‍വഹിച്ചു.

മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നടന്ന സമ്മേളനത്തില്‍ കെസിഎസ്എല്‍ സംസ്ഥാന പ്രസിഡന്‍റ് മാത്തുക്കുട്ടി കുത്തനാപ്പിള്ളി അധ്യക്ഷനായിരുന്നു. സംസ്ഥാന ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍ മുഖ്യപ്രഭാഷണവും നിര്‍മ്മല എച്ച്.എച്ച്.എസ്. പ്രിന്‍സിപ്പള്‍ ഫാ. ഡോ. ആന്‍റണി പുത്തന്‍കുളം അനുഗ്രഹപ്രഭാഷണവും നടത്തി. രൂപത ഡയറക്ടര്‍ ഫാ. സിറിയക് കോടമുള്ളില്‍, സംസ്ഥാന ഓര്‍ഗനൈസര്‍ സിറിയക് മാത്യു, രൂപതാ പ്രസിഡന്‍റ് ജിജോ മാനുവല്‍, സംസ്ഥാന ചെയര്‍പേഴ്സണ്‍ മരിയ ഷാജി, ജനറല്‍ സെക്രട്ടറി ഫിലിപ്പ് സിബിച്ചന്‍, രൂപതാ ചെയര്‍മാന്‍ ജോജി സാജു എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org