പൗരത്വബില്‍: മതേതര ജനാധിപത്യസങ്കല്പത്തിന് വിരുദ്ധം — കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍സമിതി

പൗരത്വബില്‍ ഭരണഘടനാവിരുദ്ധവും മതേതര ജനാധിപത്യസങ്കല്‍പത്തിന് വിരുദ്ധവുമാണെന്ന് കേരള ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഇത് സര്‍വജനത്തിന്‍റെയും പ്രശ്നവും ഭരണഘടനയുടെ വിശുദ്ധിയുടെ പ്രശ്നവുമാണെന്നും ഇതു സംബന്ധിച്ചു കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്മാര്‍ പുറപ്പെടുവിച്ച ഇടയലേഖനത്തില്‍ പറയുന്നു. ജനുവരി 11, 12 തീയതികളിലായി കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്‍റെ (കെആര്‍എല്‍സിസി) 35-ാമത് ജനറല്‍ അസംബ്ലി നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ സമ്മേളിച്ചതിന്‍റെയും ജനറല്‍ അസംബ്ലിക്കു മുമ്പായി നടന്ന ലത്തീന്‍ കത്തോലിക്കാ മെത്രാന്‍സമിതി യോഗത്തിന്‍റെയും പശ്ചാത്തലത്തിലാണ് ഇടയലേഖനം പുറപ്പെടുവിച്ചിട്ടുള്ളത്.

സമത്വം, സ്വാതന്ത്ര്യം, തുല്യത, നീതി എന്നിവയാണ് രാഷ്ട്രത്തിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ എന്നു ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ വിശദീകരിക്കുന്നുണ്ട്. ഈ മൗലിക ആദര്‍ശങ്ങള്‍ക്കെതിരായിട്ടാണ് പൗരത്വ നിയമഭേദഗതിയെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഒരു പ്രത്യേക മതവിഭാഗത്തോട് വിവേചനം പ്രകടിപ്പിക്കുന്നത് ഭരണഘടനയുടെ മൗലിക തത്ത്വങ്ങള്‍ക്ക് എതിരാണ്. അതിനാല്‍ പൗരത്വഭേദഗതി ബില്‍ പിന്‍വലിക്കാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് തയ്യാറാകണം – ഇടയലേഖനത്തില്‍ പറയുന്നു. പൗരത്വ നിയമ ഭേദഗതിയുടെ തുടര്‍ച്ചയായി രൂപപ്പെടുത്തുവാന്‍ പോകുന്ന പൗരത്വ രജിസ്റ്ററും ദലിത് ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളില്‍ കടുത്ത ആശങ്കയും ഭീതിയുമാണ് ഉളവാക്കുന്നതെന്നും ഇടയലേഖനത്തില്‍ സൂചിപ്പിക്കുന്നു.

രാജ്യത്തെ ആംഗ്ലോ-ഇന്ത്യന്‍ സമൂഹത്തിന് ഭരണപങ്കാളിത്തം ലഭിക്കുന്നതിനുവേണ്ടി ഭരണഘടന നല്‍കിയ അവകാശം കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതിയിലൂടെ നിര്‍ത്തലാക്കിയതിനെ ഇടയലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. യാതൊരു പഠനവും അന്വേഷണങ്ങളും ചര്‍ച്ചയുമില്ലാതെ ആംഗ്ലോ ഇന്ത്യന്‍ നോമിനേഷന്‍ ഒഴിവാക്കിയത് കടുത്ത അനീതിയാണ്. ക്രൈസ്തവരോടുള്ള മതപരമായ വിവേചനമാണിതെന്നും ആംഗ്ലോ ഇന്ത്യക്കാര്‍ക്കുള്ള ഈ പ്രത്യേക അവകാശം പുനസ്ഥാപിക്കണമെന്നും മെത്രാന്മാര്‍ ആവശ്യപ്പെട്ടു.

ഈ പശ്ചാത്തലത്തില്‍ ജനുവരി 26 മഹത്തായ ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണദിനമായി ആചരിക്കുവാന്‍ ഇടയലേഖനം ആഹ്വാനം ചെയ്തു. കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ ബിഷപ്സ് കൗണ്‍സില്‍ പ്രസിഡന്‍റും കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ പ്രസിഡന്‍റുമായ ബിഷപ് ജോസഫ് കരിയില്‍, വൈസ് പ്രസിഡന്‍റ് ബിഷപ് വിന്‍സെന്‍റ് സാമുവല്‍, സെക്രട്ടറി ബിഷപ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ എന്നിവരാണ് ഇടയലേഖനത്തില്‍ ഒപ്പുവച്ചിട്ടുള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org