ന്യൂനപക്ഷവിദ്യാഭ്യാസാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നു കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്

അദ്ധ്യാപകരുടെ നിയമനാംഗീകാരം, ന്യൂനപക്ഷ വിദ്യാഭ്യാസാവകാശങ്ങളുടെ ധ്വംസനം, യോഗ്യതാനിര്‍ണ്ണയ പരീക്ഷ സംബന്ധിച്ച ആശങ്കകള്‍ എന്നീ വിഷയങ്ങളില്‍ അദ്ധ്യാപകരുടെ പ്രതിഷേധം ശക്തമാക്കാന്‍ ആലപ്പുഴയില്‍ നടന്ന കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് ദ്വിദിന നേതൃത്വക്യാമ്പ് തീരുമാനിച്ചു. സംസ്ഥാനത്തൊട്ടാകെ ആയിരക്കണക്കിന് അദ്ധ്യാപകര്‍ നിയമനാംഗീകാരത്തിനായി കാത്തിരിക്കുകയാണ്. 1979-ന് ശേഷം സ്ഥാപിതമായ എയ്ഡഡ് വിദ്യാലയങ്ങളിലെ 100% നിയമനങ്ങളും 1979-നു മുമ്പ് സ്ഥാപിതമായ എയ്ഡഡ് വിദ്യാലയങ്ങളിലെ അധിക തസ്തികകളിലെ 50% നിയമനങ്ങളും ഫലത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഭരണഘടനാധിഷ്ഠിതമായ വിദ്യാഭ്യാസാവകാശങ്ങളുടെ ധ്വംസനമാണിത്. അദ്ധ്യാപകരുടെ ബ്രോക്കണ്‍ സര്‍വ്വീസ് പെന്‍ഷന് പരിഗണിക്കാന്‍ ബഹു. ഹൈക്കോടതി ഉത്തരവായിട്ടും ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.

ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ഒരു ബാച്ചിന് ഉണ്ടായിരിക്കേണ്ട മിനിമം കുട്ടികളുടെ എണ്ണം 25-ല്‍ നിന്നും 50 ആയി വര്‍ദ്ധിപ്പിച്ചു. അദ്ധ്യാപക യോഗ്യതാനിര്‍ണ്ണയപരീക്ഷ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. നിരവധി വര്‍ഷങ്ങളായി സര്‍വ്വീസിലുള്ള അദ്ധ്യാപകര്‍ക്ക് പ്രൊമോഷന്‍ ലഭിക്കുമ്പോള്‍ വീണ്ടും യോഗ്യതാനിര്‍ണ്ണയ പരീക്ഷ എഴുതണമെന്ന സര്‍ക്കാര്‍ ഉത്തരവ് പ്രതിഷേധാര്‍ഹമാണ്. പ്രതിഷേധപരിപാടി കളുടെ ഭാഗമായി ഡി.പി.ഐ. ഓഫീസിനു മുമ്പില്‍ അദ്ധ്യാപകരുടെ ഏകദിന ഉപവാസസമരവും സംസ്ഥാനവ്യാപകമായി ജില്ലാടിസ്ഥാനത്തില്‍ പ്രതിഷേധ സമ്മേളനങ്ങളും സംഘടിപ്പിക്കും. സര്‍ക്കാര്‍ അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ജനുവരി മാസത്തില്‍ അദ്ധ്യാപകരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ആലപ്പുഴ രൂപതാദ്ധ്യക്ഷന്‍ റൈറ്റ് റവ. ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്സാലു പതാലില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍, ഫാ. രാജു കളത്തില്‍, സംസ്ഥാന സെക്രട്ടറി ജോഷി വടക്കന്‍, ട്രഷറര്‍ ജോസ് ആന്‍റണി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org