Latest News
|^| Home -> Kerala -> ക്നാനായ പ്രേഷിത കുടിയേറ്റത്തിന്‍റെ ചരിത്രസ്മരണകളുണര്‍ത്തി കോട്ടയം അതിരൂപതാ സ്ഥാപനദിനാഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ പരിസമാപ്തി

ക്നാനായ പ്രേഷിത കുടിയേറ്റത്തിന്‍റെ ചരിത്രസ്മരണകളുണര്‍ത്തി കോട്ടയം അതിരൂപതാ സ്ഥാപനദിനാഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ പരിസമാപ്തി

Sathyadeepam

കണ്ണൂര്‍: ദൈവവിശ്വാസ ത്തിലും ദൈവസ്നേഹത്തിലും അടിയുറച്ചു നിന്നുകൊണ്ട് തലമുറകളായി ലഭിച്ച പാരമ്പര്യം സഭയോട് ചേര്‍ന്നുനിന്ന് സംരക്ഷിക്കുവാനുള്ള ആഹ്വാനവുമായി സംഘടിപ്പിച്ച കോട്ടയം അതിരൂപതാ സ്ഥാപനദിനാഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ പരിസമാപ്തി. 1911 ഓഗസ്റ്റ് 29-ന് ‘ഇന്‍ യൂണിവേഴ്സി ക്രിസ്ത്യാനി’ എന്ന തിരുവെഴുത്തുവഴി തെക്കുംഭാഗ കത്തോലിക്കര്‍ക്കായി വിശുദ്ധ പത്താംപിയൂസ് മാര്‍പ്പാപ്പയാല്‍ സ്ഥാപിതമായ കോട്ടയം വികാരിയാത്തിന്‍റെ 107-ാമത് സ്ഥാപനദിനാചരണമാണ് മടമ്പം ലൂര്‍ദ്ദ് മാതാ ഫൊറോന ദൈവാലയാങ്കണത്തില്‍ സംഘടിപ്പിച്ചത്. ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമാപനസമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും സഭാശുശ്രൂഷകളുടെ ഫലമനുഭവിക്കുമ്പോഴാണ് ദരിദ്രരുടെ പക്ഷംചേരുന്ന ക്രൈസ്തവസാക്ഷ്യത്തിന്‍റെ വക്താക്കളായി നാം മാറുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കുടിയേറ്റ പിതാക്കന്മാരുടെ വിശ്വാസ തീക്ഷ്ണതയും സഭാസ്നേഹ വും സാമൂഹ്യപ്രതിബദ്ധതയും വരുംതലമുറ മാതൃകയാക്കണമെന്നും വിശ്വാസചൈതന്യത്തില്‍ ചരിച്ചുകൊണ്ട് സഭയെയും സമുദായത്തെയും വളര്‍ത്തുവാന്‍ സഭാതനയര്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.സി. പ്രസിഡന്‍റ് സ്റ്റീഫന്‍ ജോര്‍ജ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജോസ് ജെയിംസ്, കെ.സി.ഡബ്ല്യു.എ. പ്രസിഡന്‍റ് പ്രഫ. ഡെയ്സി പച്ചിക്കര, മടമ്പം ഫൊറോന വികാരി ഫാ. ജോര്‍ജ് കപ്പുകാലായില്‍, ബറുമറിയം പാസ്റ്ററല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. എബ്രാഹം പറമ്പേട്ട്, കെ.സി.സി. മലബാര്‍ റീജിയണല്‍ പ്രസിഡന്‍റ് ബാബു കദളിമറ്റം, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് മിസ്സ് ത്രേസ്യാമ്മ വി.ടി, കെ.സി.വൈ.എല്‍. പ്രസിഡന്‍റ് മെല്‍ബിന്‍ പുളിയംതൊട്ടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ 9 മണിക്ക് പയ്യാവൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നിന്നും അതിരൂപതാ യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച പതാക പ്രയാണത്തോടെയാണ് സ്ഥാപനാഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് അല്മായ ക്രൈസ്തവസാക്ഷ്യം കു ടുംബത്തില്‍, ഇടവകയില്‍, സമൂഹത്തില്‍ എന്ന വിഷയത്തെക്കുറിച്ച് പാലാ സെന്‍റ് തോമസ് കോളേജ് പ്രൊഫസര്‍ ഡോ. ടി.സി തങ്കച്ചന്‍ സെമിനാര്‍ നയിച്ചു. കൂടാതെ അതിരൂപതയിലെ വിവിധ അജപാലന കമ്മീഷനുകള്‍ തങ്ങളുടെ പ്രവര്‍ത്തനാവതരണം നടത്തുകയും ഭാവിപ്രവര്‍ത്തന സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.

സമ്മേളനത്തോടനുബന്ധിച്ച് കല, സാഹിത്യ, കാര്‍ഷിക, വൈജ്ഞാനിക മേഖലകളില്‍ മികവു തെളിയിച്ച ഫാ. ജോയി കട്ടിയാങ്കല്‍, ക്രിസ് ലൂക്കോസ് നടുവീട്ടില്‍, ഡെല്‍റ്റ കുര്യന്‍ മംഗലത്തില്‍, ജോണിഷ് വില്‍സണ്‍ അദിയാപ്പിള്ളില്‍, റെജി തോമസ് കുന്നൂപ്പറമ്പില്‍, സണ്ണി മറ്റക്കര, കൊച്ചിക്കുന്നേല്‍ ടി.സി. എബ്രാഹം, സ്റ്റീഫന്‍ പുഷ്പമംഗലം, മെല്‍ബിന്‍ ബിജു പൂവത്തിങ്കല്‍, ജെറീന ജോണ്‍ ഞാറക്കാട്ടില്‍, ജിസ്ന ജോണ്‍ ഇളംപ്ലാക്കാട്ട്, ട്രീസ വില്‍സണ്‍ രാമച്ചനാട്ട്, ഐറിന്‍ മാത്യു, അലീന എലിസബത്ത് ജോബി, ഡെല്‍ന സണ്ണി, അര്‍ഷ ജോണ്‍ എന്നിവരെ ആദരിച്ചു. സ്ഥാപനദിനാഘോഷത്തോടനുബന്ധിച്ച് മാര്‍ മാത്യു മൂലക്കാട്ടിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലിയും നടത്തപ്പെട്ടു. മലബാര്‍ കുടിയേറ്റത്തിന്‍റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് 107-ാ മത് സ്ഥാപന ദിനാഘോഷങ്ങള്‍ നടത്തപ്പെട്ടത്. അതിരൂപതയിലെ വൈദികരും സമര്‍പ്പിത സമൂഹങ്ങളുടെ പ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും അജപാലന കമ്മീഷന്‍ അംഗങ്ങളും വിവിധ സംഘടനകളുടെ അതിരൂപത ഭാരവാഹികളും മലബാറിലെ എല്ലാ പാരിഷ് കൗണ്‍സില്‍ അംഗങ്ങളും സമാപനാഘോഷങ്ങളില്‍ പങ്കെടുത്തു.

Leave a Comment

*
*