പട്ടിണി മാറ്റാന്‍ മോഷണം നടത്തിയ കുട്ടിക്കുറ്റവാളിക്ക് കോടതിയുടെ കാരുണ്യം

ലോക്ക്ഡൗണിന്‍റെ നാളുകളില്‍ വീട്ടിലെ പട്ടിണിക്കു പരിഹാരമായി മോഷണം നടത്തിയ പതിനാറുകാരനോടു കാരുണ്യം കാണിച്ചു ബീഹാറിലെ കോടതി. ഒരു സ്ത്രീയുടെ പഴ്സ് മോഷ്ടിച്ചതിനാണ് 16 കാരന്‍ അറസ്റ്റിലായത്. സിസിടിവിയിലൂടെയാണ് പ്രതിയെ കണ്ടെത്തിയതും ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കിയതും.

പ്രതിയുടെ ജീവിതസാഹചര്യം കേട്ടറിഞ്ഞ പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് മാനവേന്ദ്ര മിശ്ര 16 കാരന്‍റെ ചുറ്റുപാടുകള്‍ മനസ്സിലാക്കി കാരുണ്യം കാണിക്കുകയായിരുന്നു. മാനസികരോഗിയായ അമ്മയുടെയും അനുജന്‍റെയും പട്ടിണി മാറ്റാനാണ് ബാലന്‍ മോഷണം നടത്തിയത്. ഗ്രാമത്തില്‍ തീരെ ദരിദ്രാവസ്ഥയില്‍ ഓലപ്പുരയിലാണ് ഇവരുടെ താമസം, ലോക്ക്ഡൗണില്‍ ജീവിതം വഴിമുട്ടിയപ്പോഴാണ് മാര്‍ക്കറ്റില്‍വച്ച് പഴ്സ് മോഷ്ടിക്കാന്‍ ഒരുമ്പെട്ടത്.

മോഷണം നടത്തിയ ബാലന്‍റെ കുടുംബത്തിനു റേഷനും മറ്റാനുകൂല്യങ്ങളും ലഭ്യമാക്കാന്‍ മജിസ്ട്രേറ്റ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. എന്നാല്‍ നാലുമാസങ്ങള്‍ക്കു ശേഷം കൊച്ചുമോഷ്ടാവിന്‍റെ ജീവിത പുരോഗതി കോടതിയെ അറിയിക്കണമെന്നും മജിസ്ട്രേറ്റ് പൊലീസിനോടു നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ബാലന്‍റെ വീട്ടിലെത്തിയ ബ്ലോക്ക് ഡെവലപ്മെന്‍റ് ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ സഹായം ലഭ്യമാക്കാനുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുകയും അത്യാവശ്യം വേണ്ട ഭക്ഷണസാധനങ്ങളും മറ്റും കൈമാറുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org