കൊറിയന്‍ നേതാക്കള്‍ക്കു മാര്‍പാപ്പയുടെ അഭിനന്ദനം

കൊറിയന്‍ നേതാക്കള്‍ക്കു മാര്‍പാപ്പയുടെ അഭിനന്ദനം

അനുരഞ്ജനത്തിന്‍റെ പാതയിലേയ്ക്കു കടന്നിരിക്കുന്ന ഉത്തര, ദക്ഷിണ കൊറിയകളുടെ തലവന്മാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിനന്ദനങ്ങള്‍ നേര്‍ന്നു. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സമാധാനപ്രക്രിയ ഒട്ടും തീക്ഷ്ണത ചോരാതെ തുടര്‍ന്നു നടക്കട്ടെ എന്നു പാപ്പ ആശംസിച്ചു. കൊറിയകളെ ആണവായുധ വിമുക്തമാക്കുന്നതിനായി ആരംഭിച്ചിരിക്കുന്ന ആത്മാര്‍ത്ഥമായ ഈ സംഭാഷണത്തില്‍ പങ്കെടുക്കാന്‍ കൊറിയന്‍ നേതാക്കള്‍ തയ്യാറായത് അവരുടെ ധീരമായ പ്രതിബദ്ധതയെയാണു കാണിക്കുന്നതെന്നു മാര്‍പാപ്പ പറഞ്ഞു.

ആണവായുധങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം പരസ്പരമുള്ള സഹകരണവും സന്ദര്‍ശനങ്ങളും വിനിമയങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന ഉഭയകക്ഷി കരാറില്‍ ഇരുരാജ്യങ്ങളുടെയും തലവന്മാര്‍ ഉച്ചകോടിയ്ക്കു ശേഷം ഒപ്പു വച്ചിരുന്നു. കൊറിയന്‍ യുദ്ധത്തെ തുടര്‍ന്ന് വേര്‍പിരിഞ്ഞു പോയ കുടുംബങ്ങളുടെ പുനഃസമാഗമത്തി നും കരാര്‍ സംവിധാനമുണ്ടാക്കുന്നുണ്ട്. കൊറിയകളെ തമ്മില്‍ വേര്‍തിരിച്ചിരുന്ന അതിര്‍ത്തിരേഖ കടന്ന് ഉത്തര കൊറിയയുടെ സ്വേച്ഛാധിപതിയായ ഭരണാധികാരി കിം ജോംഗ് ഉന്‍ ദ. കൊറിയയിലെത്തിയപ്പോള്‍ അത് 1953-നു ശേഷം ദ. കൊറിയയില്‍ നിന്ന് ഉത്തരകൊറിയയിലേയ്ക്കുള്ള ഒരു ദ. കൊറിയന്‍ രാഷ്ട്രത്തലവന്‍റെ ആദ്യത്തെ കാല്‍ വയ്പായിരുന്നു. കൊറിയയില്‍ ഇനി യുദ്ധമുണ്ടാകില്ലെന്നു കരാറില്‍ ഇരു രാജ്യത്തലവന്മാരും അര്‍ത്ഥശങ്കയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. പൂര്‍ണമായ ആണവായുധ നിരാകരണമാണ് ആത്യന്തിക ലക്ഷ്യം. അതിനായി അമേരിക്കയുമായും ചൈനയുമായും കൂടുതല്‍ സംഭാഷണങ്ങള്‍ നടത്താനും കൊറിയകള്‍ ലക്ഷ്യമിടുന്നു.

ആണവനിരായുധീകരണത്തിനുള്ള മൂര്‍ത്തമായ നടപടികളൊന്നും കരാറില്‍ നിര്‍ദേശിക്കാത്തത് പരാജയമായി പലരും പറയുന്നുണ്ടെങ്കിലും ഈ സംഭാഷണം തന്നെ വളരെ വലിയ വിജയമാണെന്ന നിലപാടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചത്. കൊറിയന്‍ സമാധാനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റേതായ വിധത്തില്‍ ചില നയതന്ത്ര ഇടപെടലുകള്‍ ആരംഭിച്ചിരിക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. തനിക്ക് വ്യക്തിപരമായി വളരെ അടുപ്പമുള്ളയാളെ ഏതാനും മാസം മുമ്പ് കൊറിയയിലെ വത്തിക്കാന്‍ സ്ഥാനപതിയായി മാര്‍പാപ്പ നിയമിച്ചിരുന്നു. ഇത് സമാധാനപ്രക്രിയകളെ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടു. കത്തോലിക്കാ വിശ്വാസിയായ ദ. കൊറിയന്‍ പ്രസിഡന്‍റ് വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ചു കൊറിയന്‍ സമാധാനത്തിനായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. അതിനു ശേഷമായിരുന്നു സ്ഥാനപതിയുടെ നിയമനം. ക്യൂബയും അമേരിക്കയും തമ്മിലുള്ള പ്രശ്നപരിഹാരത്തിനും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇടപെടല്‍ സഹായകരമായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org