കൊറിയന്‍ സമാധാനത്തിനു സഭ നയതന്ത്രശ്രമങ്ങള്‍ ശക്തമാക്കുന്നു

കൊറിയന്‍ സമാധാനത്തിനു സഭ നയതന്ത്രശ്രമങ്ങള്‍ ശക്തമാക്കുന്നു

ദക്ഷിണ, ഉത്തര കൊറിയകള്‍ക്കിടയില്‍ സമാധാനം സ്ഥാപിക്കുന്നതിനു വത്തിക്കാന്‍ കൂടുതല്‍ നയതന്ത്രപരിശ്രമങ്ങള്‍ നടത്തുമെന്നതിനു സൂചനയാണ് ദക്ഷിണ കൊറിയയിലെ പുതിയ വത്തിക്കാന്‍ സ്ഥാനപതിയുടെ നിയമനമെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ആര്‍ച്ചുബിഷപ് ആല്‍ഫ്രെഡ് സ്യൂറെബ് ആണ് കൊറിയയിലെ പുതിയ വത്തിക്കാന്‍ സ്ഥാനപതി. ബെനഡിക്ട് പാപ്പായുടെയും ഫ്രാന്‍സിസ് പാപ്പയുടെയും പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് അദ്ദേഹം. ആദ്യമായിട്ടാണ് അദ്ദേഹം ഒരു രാജ്യത്തില്‍ വത്തിക്കാന്‍ സ്ഥാനപതിയായി നിയമിതനാകുന്നത്. പക്ഷേ രണ്ടു മാര്‍പാപ്പാമാരുമായി വ്യക്തിപരമായി അടുപ്പമുള്ള ഒരാളെ കൊറിയയില്‍ സ്ഥാനപതിയായി നിയമിക്കുമ്പോള്‍ കൊറിയന്‍ പ്രശ്നത്തില്‍ നേരിട്ടിടപെടാന്‍ മാര്‍പാപ്പ ആഗ്രഹിക്കുന്നുവെന്നതിന്‍റെ സൂചനയായി അതെടുക്കുകയാണ് അന്താരാഷ്ട്ര നയതന്ത്രനിരീക്ഷകര്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മനസ്സു വായിച്ചു പ്രവര്‍ത്തിക്കുന്ന ഒരാളായിട്ടാണ് ആര്‍ച്ചുബിഷപ് സ്യൂറെബ് വത്തിക്കാനില്‍ അറിയപ്പെട്ടിരുന്നത്. ഉത്തര കൊറിയയുമായി സംഭാഷണം നടത്താന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചയുടനെയാണ് മാര്‍പാപ്പയുടെ തീരുമാനമെന്നതും ശ്രദ്ധേയമാണ്.

ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജീ ഇന്‍ ഈ സമാധാനശ്രമങ്ങള്‍ക്കു മുന്‍ കൈയെടുക്കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാ ഴ്ച സാദ്ധ്യമാക്കാന്‍ അദ്ദേഹം തന്‍റെ സുരക്ഷാ ഉപദേഷ്ടാവിനെ ഉത്തര കൊറിയയിലേക്കും തുടര്‍ന്ന് ഉന്നിന്‍റെ ക്ഷണവുമായി അമേരിക്കയിലേക്കും അയയ്ക്കുകയുണ്ടായി. ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് ഒരു സജീവ കത്തോലിക്കാ വിശ്വാസിയാണ്. അധികാരമേറ്റയുടനെ അദ്ദേഹം തന്‍റെ പ്രതിനിധിയെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പക്കലേയ്ക്കയക്കുകയും കൊറിയന്‍ മേഖലയില്‍ സമാധാനസ്ഥാപനത്തിനു വത്തിക്കാന്‍റെ പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org