കെ.ആര്‍.എല്‍.സി.സി. ജനറല്‍ അസംബ്ലി സമാപിച്ചു

ലത്തീന്‍ സമുദായത്തിന്‍റെ സമഗ്രവിദ്യാഭ്യാസ വികസനത്തിന് കര്‍മപദ്ധതി രൂപീകരിക്കാനുള്ള തീരുമാനവുമായി കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്‍റെ 32-ാമത് ജനറല്‍ അസംബ്ലി സമാപിച്ചു. വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ സമഗ്ര വികസനം എന്നതായിരുന്നു ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്‍ററില്‍ ചേര്‍ന്ന ജനറല്‍ അസംബ്ലിയുടെ മുഖ്യവിഷയം. സമാപന സമ്മേളനത്തില്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തനാണ് തീരുമാനം പ്രഖ്യാപിച്ചത്. സമുദായത്തിന്‍റെ ഇപ്പോഴത്തെ പിന്നോക്കാവസ്ഥയ്ക്കു കാരണം വിദ്യാഭ്യാസത്തിന്‍റെ അപര്യാപ്തതയാണെന്ന വിലയിരുത്തലിന്‍റെ ഭാഗമായാണ് വിദ്യഭ്യാസം മുഖ്യ വിഷയമായി തിരഞ്ഞെടുത്തത്.

ഒരു വര്‍ഷം നീളുന്ന കര്‍മ്മപദ്ധതിയില്‍ സമുദായത്തിന്‍റെ താഴെത്തട്ടില്‍ നിന്നു തന്നെ സമഗ്ര വികസന പദ്ധതിക്ക് തുടക്കമിടും. ആഗോളതലത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന നവതൊഴില്‍ സാധ്യതകളെ മുന്നില്‍ കണ്ട് തൊഴില്‍ നൈപുണ്യവും മത്സരക്ഷമതയും വര്‍ധിപ്പിക്കാന്‍ ശാസ്ത്രീയ പദ്ധതികള്‍ നടപ്പാക്കും. വിദ്യാര്‍ഥി കേന്ദ്രീകൃത ബദല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം അടിസ്ഥാന തലം മുതല്‍ സമൂഹ പങ്കാളിത്തത്തോടെ നടപ്പാക്കും. പതിനായിരം വിദ്യാഭ്യാസ സന്നദ്ധപ്രവര്‍ത്തകരെ രണ്ടു വര്‍ഷത്തിനുള്ളില്‍ പരിശീലിപ്പിച്ച് സംസ്ഥാന തലത്തില്‍ പ്രവര്‍ത്തന സജ്ജമാക്കും. സമൂഹത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമാക്കി കമ്യൂണിറ്റി ഡവലപ്മെന്‍റ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ ആരംഭിക്കും.

സമാപന ദിനത്തില്‍ കെആര്‍എല്‍സിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ബിഷപ് ഡോ. ജെയിംസ് ആനാംപറമ്പില്‍ വചനപ്രഘോഷണം നടത്തി. സമുദായ വികസന പദ്ധതി പ്ലാസിഡ് ഗ്രിഗറിയും കമ്മീഷനുകളുടെ വാര്‍ഷിക റിപ്പോര്‍ട്ട് കെആര്‍എല്‍സിസി അസോസിയേറ്റ് സെക്രട്ടറി ഫാ. തോമസ് തറയിലും നടത്തി. തുടര്‍ന്ന് നടന്ന ബിസിനസ് സെഷനില്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിച്ചു.

കെആര്‍എല്‍സിസി സെക്രട്ടറി ആന്‍റണി ആല്‍ബര്‍ട്ട് 31-ാമത് ജനറല്‍ അസംബ്ലി റിപ്പോര്‍ട്ടും, ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും, ട്രഷറര്‍ ആന്‍റണി നൊറോണ സാമ്പത്തിക റിപ്പോര്‍ട്ടും, രാഷ്ട്രീയകാര്യസമിതി ജോയിന്‍റ് കണ്‍വീനര്‍ ബെന്നി പാപ്പച്ചന്‍ രാഷ്ട്രീയകാര്യസമിതി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിനിമാ താരം ലാലിന് കെആര്‍എല്‍സിസിയുടെ കലാപ്രതിഭാ പുരസ്കാരം ബിഷപ് ഡോ. ജോസഫ് കരിയില്‍ സമ്മാനിച്ചു.

സമാപനസമ്മേളനത്തില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, വൈസ് പ്രസിഡന്‍റുമാരായ ഷാജി ജോര്‍ജ്, റവ. ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍, സെക്രട്ടറിമാരായ സ്മിതാ ബിജോയ്, ആന്‍റണി ആല്‍ബര്‍ട്ട്, ട്രഷറര്‍ ആന്‍റണി നൊറോണ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org