യുവകേരളം തൊഴില്‍ നൈപുണ്യ വികസന പദ്ധതിയുമായി കെ.എസ്.എസ്.എസ്

യുവകേരളം തൊഴില്‍ നൈപുണ്യ വികസന പദ്ധതിയുമായി കെ.എസ്.എസ്.എസ്

ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കേരള സര്‍ക്കാരിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന യുവകേരളം തൊഴില്‍ നൈപുണ്യ വികസന പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഫാ. സുനില്‍ പെരുമാനൂര്‍, ടോജോ എം. തോമസ്, ദിവ്യ കെ.ബി, ഫ്രാന്‍സീസ് പി.ജെ, ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ജെസ്റ്റിന്‍ ലൂക്കോസ് എന്നിവര്‍ സമീപം.

കോട്ടയം: ഗ്രാമീണ യുവജനങ്ങള്‍ക്ക് ശാസ്ത്രീയ പരിശീലനം ലഭ്യമാക്കി തൊഴില്‍ അവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കേരള സര്‍ക്കാരിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന യുവകേരളം തൊഴില്‍ നൈപുണ്യ വികസന പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി അസോസ്സിയേറ്റ് ഡെസ്‌ക് ടോപ്പ് പബ് ളിഷിംഗ് (ഡി.റ്റി.പി), ഫുഡ് & ബിവറേജ് സര്‍വ്വീസ്, റീട്ടെയില്‍ സെയില്‍സ് അസോസ്സിയേറ്റ് എന്നീ കോഴ്‌സുകളിലേയ്ക്കാണ് പരിശീലനം സംഘടിപ്പിക്കുന്നത്. മൂന്ന് മാസം ദൈര്‍ഘ്യമുള്ള പരിശീലന പരിപാടി തെള്ളകം ചൈതന്യയിലാണ് നടത്തപ്പെടുക. തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ജോലി സാധ്യതയും ഉറപ്പുവരുത്തുന്നതാണ്. പരിശീലന പരിപാടിയുടെ ഭാഗമായി മികച്ച ലാബ് സൗകര്യത്തോടൊപ്പം കംമ്പ്യൂട്ടര്‍ പരിജ്ഞാനം, സോഫ്റ്റ് സ്‌കില്‍സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകളും നടത്തപ്പെടും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ ലഭ്യമാക്കുന്ന സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കുന്നതാണ്. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കോവിഡ് കാലത്ത് തൊഴില്‍ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ അതിജീവിക്കുന്നതിനും പുതിയ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നതിനും യുവകേരളം പദ്ധതിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നബാര്‍ഡ് കോട്ടയം ജില്ല ഡെവലപ്പ്‌മെന്റ് മാനേജര്‍ ദിവ്യ കെ.ബി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് കോട്ടയം ഡെപ്യൂട്ടി ജനറല്‍ മാനേജരും റീജിയണല്‍ മേധാവിയുമായ ഫ്രാന്‍സീസ് പി.ജെ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോട്ട് ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ടോജോ എം. തോമസ്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ നിന്നുള്ള 18നും 30നും ഇടയില്‍ പ്രായമുള്ള പ്ലസ് ടു/ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ യുവജനങ്ങള്‍ക്കാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് 8848621296 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ് എന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org