സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി അംഗങ്ങള്‍ക്കായി സെമിനാര്‍

സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി അംഗങ്ങള്‍ക്കായി സെമിനാര്‍

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും സിബിആര്‍ ഫോറവും സംയുക്തമായി സഹകരിച്ച് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലെ അംഗങ്ങള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ ഡിസെബിലിറ്റി ബില്ലിനെക്കുറിച്ച് ഭിന്നശേഷിയുള്ളവരില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച സെമിനാറിന്‍റെ ഉദ്ഘാടനം കെഎസ്എസ്എസ് മുന്‍ സെക്രട്ടറിയും ചിക്കാഗോ രൂപത സോഷ്യല്‍ സര്‍വ്വീസിന്‍റെയും അഗാപ്പെ മൂവ്മെന്‍റിന്‍റെയും ഡയറക്ടറുമായ ഫാ. എബ്രാഹം മുത്തോലത്ത് നിര്‍വ്വഹിച്ചു. കെഎസ്എസ്എസ് സെക്രട്ടറി ഫാ. ബിന്‍ സ് ചേത്തലില്‍ അദ്ധ്യക്ഷത വഹിച്ചു. സിബിആര്‍ ഫോറം കേരള സ്റ്റേറ്റ് അഡ്വക്കസി ഓഫീസര്‍ ചാക്കോച്ചന്‍ അമ്പാട്ട്, നവചൈതന്യ വികലാംഗ ഫെഡറേഷന്‍ ജോയിന്‍റ് സെക്രട്ടറി കെ.സി. മത്തായി, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ബബിത ടി. ജെസ്സില്‍, സിബിആര്‍ കോഓര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ക്ലാസ്സുകള്‍ക്ക് ചാക്കോച്ചന്‍ അമ്പാട്ട്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് ഡയറക്ടര്‍ ഡോ. റോബിനറ്റ് ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി. കെഎസ്എസ്എസ് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലെ അംഗങ്ങളും അന്ധ-ബധിര പുനരധിവാസ പദ്ധതി പേരന്‍റ്സ് നെറ്റ് വര്‍ക്ക് ഭാരവാഹികളും ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്തു.

പിഎസ്സി തീവ്രപരിശീലനം

വെട്ടുകാട്: പല കാരണങ്ങള്‍കൊണ്ടും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലി ലഭ്യതയില്‍ വളരെ പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ ഉദ്യോഗാര്‍ത്ഥികളെ മുന്നില്‍ കണ്ടു പിഎസ്സി മത്സര പരീക്ഷകള്‍ക്കായി ഒരു തീവ്രപരിശീല പരിപാടി വെട്ടുകാട് മാദ്രെദെ ദേവൂസ് ഇടവകയുടെ മേല്‍ നോട്ടത്തില്‍ കേരളത്തിലെ പ്രഗത്ഭരും സാങ്കേതിക മികവുറ്റവരുമായ ഒരു സംഘം പരിശീലകരുടെ നേതൃത്വത്തില്‍ ഫെബ്രുവരി മാസം 27-ാം തീയതി മുതല്‍ കുറഞ്ഞ ഫീസോടുകൂടി നടക്കുന്നു. ഈ പഠനപദ്ധതിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇടവക ഓഫീസുമായി നേരിട്ടോ 8606803285 എന്ന നമ്പറിലോ ബന്ധപ്പെടുക.

വെള്ളിമെഡല്‍ നേടി

ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നടന്ന സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ദേശീയ റസലിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ (70 കിലോ ഭാരം) വെള്ളിമെഡല്‍ കരസ്ഥമാക്കിയ റോസ് മരിയ. ജൂണില്‍ തായ്ലന്‍റില്‍ നടക്കുന്ന റസലിങ്ങ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായുള്ള നാഷണല്‍ കോച്ചിങ്ങ് ക്യാമ്പിലേക്കും റോസ് മരിയ തിരഞ്ഞെടുക്കപ്പെട്ടു. ആറ്റിങ്ങല്‍ സെന്‍ട്രലൈ സ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലില്‍ താമസിച്ചു കായികപരിശീലനം നേടുന്ന റോസ് മരിയ പരിയാപുരം മരിയന്‍ സ്പോര്‍ട്സ് അക്കാദമി സെക്രട്ടറി പുതുപ്പറമ്പില്‍ സജിയുടെയും ബിന്ദുവിന്‍റെയും മകളാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org