Latest News
|^| Home -> International -> കുടിയേറ്റ പ്രതിസന്ധി കാലത്തിന്‍റെ അടയാളം, പുറത്താക്കല്‍ കൊണ്ട് പരിഹാരം സാദ്ധ്യമല്ല : ഫ്രാന്‍സിസ് മാര്‍പാപ്പ

കുടിയേറ്റ പ്രതിസന്ധി കാലത്തിന്‍റെ അടയാളം, പുറത്താക്കല്‍ കൊണ്ട് പരിഹാരം സാദ്ധ്യമല്ല : ഫ്രാന്‍സിസ് മാര്‍പാപ്പ

Sathyadeepam

ആഗോളതലത്തില്‍ തുടരുന്ന കുടിയേറ്റ-അഭയാര്‍ത്ഥി പ്രതിസന്ധി കാലത്തിന്‍റെ ഒരടയാളമാണെന്നും വിദേശികളെ വെറുതെ പുറത്താക്കുന്നതുകൊണ്ടു മാത്രം ഇതു പരിഹരിക്കാന്‍ കഴിയില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. യുദ്ധവും പീഡനവും പ്രകൃതിദുരന്തങ്ങളും ദാരിദ്ര്യവും മൂലമാണ് ആളുകള്‍ ജന്മനാടുകള്‍ വിട്ട് ഓടിപ്പോകുന്നതെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ആഗോള അഭയാര്‍ത്ഥി-കുടിയേറ്റ ദിനാചരണത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച സന്ദേശത്തില്‍ മാര്‍പാപ്പ അഭയാര്‍ത്ഥികള്‍ നേരിടുന്ന ദുരിതങ്ങളിലേയ്ക്ക് ലോകജനതയുടെ ശ്രദ്ധ ക്ഷണിച്ചു.

മാര്‍പാപ്പയായി സ്ഥാനമേറ്റതു മുതല്‍ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടി ആഗോളവേദിയില്‍ ശബ്ദമുയര്‍ത്തി വരികയാണു പാപ്പ. അധികാരമേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇറ്റലിയിലെ ലാംപെദുസ ദ്വീപ് സന്ദര്‍ശിച്ചതു വഴിയായി തന്‍റെ മുന്‍ഗണനകള്‍ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു യൂറോപ്പ് ലക്ഷ്യമാക്കി അപകടയാത്ര നടത്തുന്ന അഭയാര്‍ത്ഥികള്‍ ചെന്നു ചേരുന്ന സ്ഥലമാണ് ലാംപെദുസ. അവിടെ അഭയാര്‍ത്ഥികളെ അഭിസംബോധന ചെയ്ത മാര്‍പാപ്പ, അഭയാര്‍ത്ഥികളെ അനുകമ്പാപൂര്‍വം കൈകാര്യം ചെയ്യണമെന്ന് വികസിത രാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

നമ്മുടെ വാതിലില്‍ മുട്ടുന്ന ഓരോ അപരിചിതനും യേശുക്രിസ്തുവിനെ കണ്ടുമുട്ടാനുള്ള ഓരോ അവസരമാണു നല്‍കുന്നതെന്ന് മാര്‍പാപ്പ പറഞ്ഞു. മെച്ചപ്പെട്ട ജീവിതം തേടി സ്വന്തം നാടു വിട്ടോടുന്നവരോടു ഐക്യദാര്‍ഢ്യം പുലര്‍ത്താന്‍ സഭയ്ക്കു സവിശേഷമായ ബാദ്ധ്യതയുണ്ട്. കുടിയേറ്റത്തിന്‍റെ ഓരോ ഘട്ടത്തിലും ഈ പരിഗണന പ്രകടമാക്കപ്പെടണം. സ്വാഗതം ചെയ്യുക, സംരക്ഷിക്കുക, വളര്‍ത്തുക, ഐക്യപ്പെടുത്തുക എന്നിങ്ങനെ നാലു ഘട്ടങ്ങളാണ് കുടിയേറ്റക്കാര്‍ക്കുള്ള സേവനത്തിലുണ്ടാകേണ്ടത് – സന്ദേശത്തില്‍ മാര്‍പാപ്പ വിശദീകരിച്ചു.

Leave a Comment

*
*