കൊറോണ: കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ സഭ ശ്രദ്ധ പതിപ്പിക്കണം

കൊവിഡ് 19-നെ തുടര്‍ന്നുണ്ടായ രാജ്യവ്യാപക ലോക് ഡൗണില്‍ വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ വിഷമങ്ങളില്‍ ഇടപെട്ട് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ സഭ പരിശ്രമിക്കണമെന്ന് റാഞ്ചി അതിരൂപതയിലെ ആര്‍ച്ചു ബിഷപ് ഡോ. ഫെലിക്സ് ടോപ്പോ സഹായ മെത്രാന്‍ ഡോ. തിയോഡര്‍ മസ്കരിനാസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

രാജ്യം ലോക് ഡൗണിന്‍റെ പ്രയാസ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സുരക്ഷിതരായി കഴിയാനും കോവിഡ് വ്യാപനം തടയാനും പരിശ്രമിക്കണം. ആയിരകണക്കിനു കുടിയേറ്റക്കാരായ തൊഴിലാളികളാണ് അവര്‍ ആയിരിക്കുന്നിടത്ത് നിശ്ചലരായി കുടുങ്ങി കിടക്കുന്നത്. വീടുകളില്‍ എത്തിച്ചേരാതെ വിഷമിക്കുന്ന അവര്‍ എന്തു ചെയ്യണം എങ്ങോട്ടു പോകണം എന്നറിയാതെ ആകുലപ്പെടുന്നുണ്ട്. താമസത്തിനും ഭക്ഷണത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി ക്ലേശിക്കുന്ന അവരെ സഹായിക്കാന്‍ നാം തയ്യാറാകണം.

കുടിയേറ്റ തൊഴിലാളികളില്‍ വളരെ പേര്‍ ജാര്‍ഘണ്ടില്‍ നിന്നുണ്ട്. നാം നമ്മുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുമ്പോള്‍ ഈ പാവപ്പെട്ട ജനവിഭാഗം വളരെയേറെ സഹിക്കുന്നവരാണെന്നു മനസ്സിലാക്കണം – പ്രസ്താവനയില്‍ മെത്രാന്മാര്‍ അനുസ്മരിപ്പിച്ചു. സത്രത്തില്‍ ഇടം കിട്ടാതെ അലഞ്ഞ യൗസേപ്പിന്‍റയും മേരിയും അവസ്ഥയിലാണ് കുടിയേറ്റക്കാരായ പലരും. അന്ധകാരം മുന്നില്‍ കാണുന്ന അവരുടെ വിഷമതകള്‍ പരിഹരിക്കാന്‍ എല്ലാവരും പരിശ്രമിക്കണം. ദുരന്ത മേഖലകളില്‍ എക്കാലും മുന്നില്‍നിന്ന് അവയെ നേരിട്ടിട്ടുള്ള സഭ ഈ പ്രതിസന്ധിയിലും മുന്നിലുണ്ട്. ജാതി മത ഭേദമെന്യേ കുടിയേറ്റക്കാരായ തൊഴിലാളികളെ പിന്തുണയ്ക്കാനും സഹായിക്കാനും ഭാരതത്തിലെ എല്ലാ വൈദിക മേലധ്യക്ഷന്മാരോടും റാഞ്ചി അതിരൂപതയിലെ മെത്രാന്മാര്‍ അഭ്യര്‍ത്ഥിച്ചു

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org