കുടിയേറ്റം: അതിര്‍ത്തികള്‍ക്കുപരിയായിരിക്കണം സാഹോദര്യവും മാനവൈക്യവും -വത്തിക്കാന്‍

കുടിയേറ്റം: അതിര്‍ത്തികള്‍ക്കുപരിയായിരിക്കണം സാഹോദര്യവും മാനവൈക്യവും -വത്തിക്കാന്‍

രാഷ്ട്രീയ വിഭാഗീയതകള്‍ക്കും ഭൗമശാസ്ത്ര അ തിര്‍ത്തികള്‍ക്കും മേലെയായിരിക്കണം സാഹോദര്യവും മാ നവൈക്യവുമെന്നും അതു മുന്‍നിറുത്തിക്കൊണ്ടു വേണം അന്താരാഷ്ട്ര കുടിയേറ്റ നയങ്ങള്‍ രൂപീകരിക്കാനെന്നും വത്തിക്കാന്‍ വ്യക്തമാക്കി. കുടിയേറ്റവും മനുഷ്യാവകാശങ്ങളും സംബന്ധിച്ച ഒരു അന്താരാഷ്ട്ര ധാരണ രൂപപ്പെടുത്തുന്നതിന് ഐക്യരാഷ്ട്രസഭയില്‍ നടന്നു വരുന്ന ആലോചനകളില്‍ പങ്കെടുത്തുകൊണ്ടു വത്തിക്കാന്‍റെ പ്രഖ്യാപിത നിലപാടുകള്‍ ആവര്‍ത്തിക്കുകയായിരുന്നു വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഇവാന്‍ ജുര്‍കോവിക്. അന്താരാഷ്ട്ര കുടിയേറ്റത്തിന്‍റെ എല്ലാ വശങ്ങളും സംബന്ധിച്ച തത്വങ്ങളും നിബന്ധനകളും അടങ്ങുന്നതായിരിക്കും പുതിയ ആഗോള കരാറെന്നാണു കരുതപ്പെടുന്നത്.

കുഞ്ഞുങ്ങളായ കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിനു പ്രത്യേകമായ ഊന്നലേകണമെന്ന് ആര്‍ച്ചുബിഷപ് ജുര്‍കോവിക് ആവശ്യപ്പെട്ടു. കുടിയേറുന്ന മനുഷ്യരായിരിക്കണം ഏതു കരാറിന്‍റെയും നായകസ്ഥാനത്തു വരേണ്ടത്. ഏതു സാഹചര്യത്തിലും ആരും മാനിക്കേണ്ട അടിസ്ഥാനപരമായ അന്തസ്സും അവകാശങ്ങളും ഉള്ള മനുഷ്യവ്യക്തിയാണ് ഓരോ കുടിയേറ്റക്കാരനുമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ മറന്നു പോകരുത്. നിയമപരമായ പദവിയില്ല എന്ന കാരണത്താല്‍ ഒരു കുടിയേറ്റക്കാരനും അയാളുടെ അന്തസ്സ് നഷ്ടമായിക്കൂടാ. കാരണം മനുഷ്യാന്തസ്സും അതിനോടൊപ്പം നല്‍കപ്പെട്ട അചഞ്ചലമായ അവകാശങ്ങളും ഏതു സാഹചര്യത്തിലും അലംഘ്യങ്ങളാണ്. ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്താല്‍ കുടിയേറ്റം കുടിയിറങ്ങുന്ന രാജ്യങ്ങള്‍ക്കും കുടിയേറുന്ന രാജ്യങ്ങള്‍ക്കും ഗുണപ്രദമാക്കാമെന്ന വസ്തുതയും മറക്കരുത്. വ്യക്തിപരമായ വലിയ നഷ്ടങ്ങള്‍ സഹിച്ചുകൊണ്ടും മഹാദുരിതങ്ങള്‍ നേരിട്ടുകൊണ്ടുമാണ് ജനങ്ങള്‍ മിക്കപ്പോഴും കുടിയേറ്റത്തിനു പുറപ്പെടുന്നത്. അവരോടുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വം മൂര്‍ത്തമായ പ്രവൃത്തികളായി മാറണം. കുടിയേറ്റക്കാരുടെ ജീവന്‍റെ സംരക്ഷണം മാത്രമല്ല അവരുടെ സമഗ്രമായ മാനവീകവികാസവും കുടിയേറ്റനയത്തിന്‍റെ പരിഗണനാവിഷയമാകണം – ആര്‍ച്ചുബിഷപ് വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org