കുമ്പസാരരഹസ്യം: വിശ്വാസം സംരക്ഷിക്കുമെന്ന് ആസ്ത്രേലിയന്‍ മെത്രാന്‍ സംഘം

കുമ്പസാരരഹസ്യം: വിശ്വാസം സംരക്ഷിക്കുമെന്ന് ആസ്ത്രേലിയന്‍ മെത്രാന്‍ സംഘം
Published on

ലൈംഗികചൂഷണക്കേസുകളിലെ കുമ്പസാരരഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ വൈദികര്‍ തയ്യാറാകണമെന്നും ഇല്ലെങ്കില്‍ ക്രിമിനല്‍ നിയമ നടപടികള്‍ നേരിടണമെന്നുമുള്ള റോയല്‍ കമ്മീഷന്‍ നിര്‍ദേശത്തെ ചെറുക്കാന്‍ ആസ്ത്രേലിയായിലെ കത്തോലിക്കാ മെത്രാന്‍ സംഘം തീരുമാനിച്ചു. കത്തോലിക്കാസഭയിലെ കുമ്പസാരം പുരോഹിതനിലൂടെ ദൈവവുമായി നടത്തുന്ന ഒരു ആത്മീയ സംഭാഷണമാണെന്ന് മെത്രാന്‍ സംഘത്തിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ് ഡെനിസ് ജെ ഹാര്‍ട്ട് പ്രസ്താവിച്ചു. കുമ്പസാരം മതസ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാന ഘടകമാണ്. ആസ്ത്രേലിയായുടെയും മറ്റനേകം രാജ്യങ്ങളുടെയും നിയമസംഹിതകള്‍ അംഗീകരിച്ചിട്ടുള്ളതാണ് അത്. ആസ്ത്രേലിയായിലും ഇത് ഇങ്ങനെ തന്നെ തുടരണം. എന്നാല്‍, കുമ്പസാരത്തിലൂടെയല്ലാതെ അറിയുന്ന കുട്ടികള്‍ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും അധികാരികളെ അറിയിച്ചിരിക്കണം. അതിനോടു പൂര്‍ണമായ പ്രതിബദ്ധത സഭയ്ക്കുണ്ട് – ആര്‍ച്ചുബിഷപ് വിശദീകരിച്ചു.

കുട്ടികള്‍ക്കെതിരായ ലൈംഗികചൂഷണത്തെ നേരിടുന്നതിനു രാജ്യത്തിന്‍റെ ക്രിമിനല്‍ നീതിന്യായസംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് റോയല്‍ കമ്മീഷന്‍ നല്‍കിയ 85 ശിപാര്‍ശകളിലൊന്നാണ് ഇത്. കുട്ടികള്‍ക്കെതിരായ ലൈംഗികചൂഷണത്തെകുറിച്ചുള്ള വിവരം ലഭിച്ചത് കുമ്പസാരത്തിനിടെയാണ് എന്നതുകൊണ്ട് ആ വിവരം അധികാരികളെ അറിയിക്കുന്നതില്‍ നിന്ന് ഒഴിവാകാന്‍ വൈദികര്‍ക്കു സാധിക്കരുത്. ബാലലൈംഗികചൂഷണങ്ങളെക്കുറിച്ച് സംശയം തോന്നിയാല്‍ അതു റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാവര്‍ക്കും ബാദ്ധ്യതയുണ്ട്. വൈദികരോടു ബാലചൂഷണത്തിന്‍റെ വിവരം കുമ്പസാരിക്കുകയും അത് ആവര്‍ത്തിക്കുകയും ചെയ്ത കുറ്റവാളികളുടെ കേസുകള്‍ കമ്മീഷന്‍ ഉദാഹരിക്കുന്നുണ്ട്.

എന്നാല്‍ കുമ്പസാരത്തിന്‍റെ കൗദാശികമുദ്ര അലംഘനീയമാണെന്നു സഭാനിയമം അനുശാസിക്കുന്നതായി മെത്രാന്‍ സംഘം ചൂണ്ടിക്കാട്ടി. കുമ്പസാരരഹസ്യം വെളിപ്പെടുത്തുന്ന വൈദികനെ സഭയ്ക്കു പുറത്താക്കണമെന്നതാണ് സഭാനിയമമെന്നും പ്രസ്താവന വിശദീകരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org