കുമ്പസാരത്തെ ഭയപ്പെടേണ്ടതില്ല – ഫ്രാന്‍സിസ് മാര്‍പാപ്പ

കുമ്പസാരത്തെ ഭയപ്പെടേണ്ടതില്ല – ഫ്രാന്‍സിസ് മാര്‍പാപ്പ

ശരണത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് വിശ്വാസികള്‍ കുമ്പസാരത്തെ സമീപിക്കേണ്ടതെന്നും അനുരഞ്ജനപ്പെടുത്തുന്ന ആ കൂദാശ ആരേയും അധീരരാക്കേണ്ടതില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. നമുക്കല്‍പനേരം സംസാരിക്കാം എന്നാണ് കര്‍ത്താവ് പറയുന്നത്. അവിടുന്നു നമ്മെ ഭീഷണിപ്പെടുത്തുകയല്ല. ദൈവം നമ്മെ മര്‍ദ്ദിക്കാനോ ശപിക്കാനോ ആഗ്രഹിക്കുന്നില്ല. നമുക്കു വേണ്ടി അവിടുന്നു തന്‍റെ ജീവന്‍ നല്‍കി. നമ്മുടെ ഹൃദയത്തിലേയ്ക്കു പ്രവേശിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് കര്‍ത്താവ് ആരായുന്നത് – മാര്‍പാപ്പ വിശദീകരിച്ചു. തന്‍റെ താമസസ്ഥലമായ സാന്താ മാര്‍ത്തായിലെ ചാപ്പലില്‍ രാവിലെ ദിവ്യബലിയര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാപികളെ മാനസാന്തരത്തിലേയ്ക്കു ക്ഷണിക്കുകയാണു കുമ്പസാരക്കൂടുകളെന്നു മാര്‍പാപ്പ പ്രസ്താവിച്ചു. ക്ഷമയും ഹൃദയപരിവര്‍ത്തനവുമാണ് കുമ്പസാരക്കൂടുകളില്‍ സംഭവിക്കുന്നത്. ഭീഷണിയല്ല മറിച്ച് ദയയും വാത്സല്യവും നല്‍കി നമ്മില്‍ വിശ്വാസം നിറയ്ക്കുകയാണ് യേശു ചെയ്യുന്നത്. ദൈവം ഒരുമിച്ചൊരു കാപ്പി കുടിക്കാന്‍ നമ്മെ ക്ഷണിക്കുകയാണെന്നാണു നാം കരുതേണ്ടത് – മാര്‍പാപ്പ വിശദീകരിച്ചു.

കുമ്പസാരക്കൂടുകളില്‍ ക്രിസ്തുവിനു വേണ്ടി ഇരിക്കുന്ന വൈദികര്‍ പിതാവായ ദൈവത്തിന്‍റെ കരുണയാണു പ്രകടമാക്കേണ്ടതെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ഹൃദയം തുറക്കാന്‍ ആളുകളെ സഹായിക്കുന്ന വിധത്തില്‍ സ്വാഗതഭാവത്തോടെയും സമീപിക്കാന്‍ കഴിയുന്നവരായും വേണം വൈദികര്‍ കുമ്പസാരം കേള്‍ക്കാനെന്നും മാര്‍പാപ്പ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org