കുറവിലങ്ങാട് പള്ളിക്കു പുതിയ പദവി

കുറവിലങ്ങാട് പള്ളിക്കു പുതിയ പദവി

പുരാതനമായ കുറവിലങ്ങാട് മാര്‍ത്ത മറിയം ഫൊറോന പള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ മാര്‍ത്തമറിയം ആര്‍ച്ചുഡീക്കന്‍ തീര്‍ത്ഥാടന ദേവാലയമായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച സീറോ മലബാര്‍ സഭാ സിനഡിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നവീകരിച്ച മാര്‍ത്തമറിയം ദേവാലയത്തിന്‍റെ വെഞ്ചെരിപ്പിനു ശേഷം വിശുദ്ധ കുര്‍ബാന മധ്യേ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തി. സിനഡ് ഡിക്രിയുടെ കോപ്പി മേജര്‍ ആര്‍ച്ചു ബിഷപ് പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനു കൈമാറി.

സീറോ മലബാര്‍ സഭയില്‍ ഇതാദ്യമായാണ് ഒരു ഇടവക ദേവാലയത്തിന് സിനഡ് പ്രത്യേക പദവി നല്‍കുന്നത്. ഇടവകയുടെ ചരിത്രപ്രാധാന്യവും പാരമ്പര്യവും തീര്‍ത്ഥാടകപ്രവാഹവുമാണ് ഇതി നായി പരിഗണിച്ചത്. പൗരസ്ത്യ സഭകളില്‍ ഒരു ദേവാലയത്തിനു നല്‍കുന്ന ഏറ്റവും വലിയ പദവിയാണ് കുറവിലങ്ങാടിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പുതിയ പദവിയോടെ റോമില്‍ ലത്തീന്‍ സഭാകേന്ദ്ര ദേവാലയങ്ങളായി പരിഗണിക്കപ്പെടുന്ന നാലു മേജര്‍ ബസിലിക്കകള്‍ക്കു തുല്യമായ പദവിയിലേക്കു കുറവിലങ്ങാട് പള്ളി ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്.

പുതിയ പദവി പ്രഖ്യാപനത്തിനു പിന്നാലെ മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ സ്ഥാനിക ഇരിപ്പിടം പള്ളിയുടെ ബേമ്മയില്‍ (അള്‍ത്താരയ്ക്കു താഴെയുള്ള സ്ഥലം) പ്രതിഷ്ഠിച്ചു. സഭാ മേജര്‍ ആര്‍ച്ചുബിഷപ്പിനു മാത്രമായിരിക്കും ഈ ഇരിപ്പിടത്തില്‍ സ്ഥാനമുണ്ടാകുക. മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതോടെ മേജര്‍ ആര്‍ച്ചു ബിഷപ് വര്‍ഷത്തിലൊരിക്കല്‍ ഇവിടെ സന്ദര്‍ശനം നടത്തും.

ദേവാലയ വെഞ്ചെരിപ്പിനെ തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കപ്പെട്ടു. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, വികാരി ജനറല്‍മാരായ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. എബ്രാഹം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, മോണ്‍. ജോസഫ് മലേപറമ്പില്‍ എന്നിവരും ഫാ. ജോര്‍ജ് മുളങ്ങാട്ടില്‍, ഫാ. ജോസ് കോട്ടയില്‍ എന്നിവരും സഹകാര്‍മ്മികരായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org