Latest News
|^| Home -> International -> കൂരിയാ പരിഷ്കരണം: പുതിയ നിയമനങ്ങള്‍ പ്രത്യാശ പകരുന്നു

കൂരിയാ പരിഷ്കരണം: പുതിയ നിയമനങ്ങള്‍ പ്രത്യാശ പകരുന്നു

Sathyadeepam

ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരത്തിലെത്തിയതിനു ശേഷം മുന്‍ഗണന നല്‍കിയ ഒരു കാര്യം സഭയുടെ ഭരണസിരാകേന്ദ്രമായ റോമന്‍ കൂരിയായുടെ പരിഷ്കരണമാണ്. അതിനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും അഞ്ചു വര്‍ഷത്തിനു ശേഷവും ലക്ഷ്യം കാണുവാന്‍ സാധിച്ചില്ലെന്നത് സഭാനിരീക്ഷകരില്‍ ആശങ്ക ജനിപ്പിച്ചിരുന്നു. പല വിഭാഗങ്ങളില്‍ നിന്നുള്ള ചെറുത്തുനില്‍പുകള്‍ക്കൊപ്പം പരിഷ്കരണനടപടികളുടെ കാര്യക്ഷമതയുടെ കുറവും ഇതിനു കാരണമായി പലരും ചൂണ്ടിക്കാട്ടാന്‍ തുടങ്ങിയിരുന്നു. കാര്യാലയങ്ങളുടെ ഭരണപദവികളില്‍ നിയോഗിക്കപ്പെട്ടത്, മാര്‍പാപ്പയുടെ വീക്ഷണമനുസരിച്ച് പരിഷ്കരണം ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിവില്ലാത്തവരായതുകൊണ്ടാണ് പരിഷ്കരണനടപടികള്‍ ഉദ്ദേശിച്ച ലക്ഷ്യം കാണാന്‍ വൈകുന്നതെന്ന വിമര്‍ശനവും ഉണ്ടായിരുന്നു. ചില സുപ്രധാന പദവികളില്‍ നിയോഗിക്കപ്പെട്ടവര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പു സ്ഥാനമൊഴിഞ്ഞതും തിരിച്ചടികളുണ്ടാക്കി.

വത്തിക്കാന്‍റെ ധനകാര്യരംഗത്താണ് കാര്യമായ പരിഷ്കരണം മാര്‍പാപ്പ തുടക്കത്തില്‍ തന്നെ ഉദ്ദേശിച്ചിരുന്നത്. വത്തിക്കാന്‍ ബാങ്കുള്‍പ്പെടെയുള്ള സാമ്പത്തിക സംവിധാനങ്ങളില്‍ സുതാര്യതയില്ലെന്നതായിരുന്നു പ്രധാന പരാതി. സാമ്പത്തിക പരിഷ്കരണങ്ങള്‍ക്കുള്ള ചുമതലയേല്‍പിച്ചത് ആസ്ത്രേലിയന്‍ കാര്‍ഡിനല്‍ ജോര്‍ജ് പെല്ലിനെ ആയിരുന്നു. എന്നാല്‍ ആസ്ത്രേലിയായില്‍ തന്‍റെ ഭരണകാലത്തു സഭയിലുണ്ടായ ലൈംഗികചൂഷണകേസുകളില്‍ വിചാരണ നേരിടുന്നതിന് അദ്ദേഹത്തിനു സ്വരാജ്യത്തേയ്ക്കു പോകേണ്ടതായി വന്നു. ഇതു സാമ്പത്തികകാര്യ പരിഷ്കരണനടപടികളുടെ വേഗത കുറച്ചു. മാധ്യമവിഭാഗത്തിന്‍റെ സമഗ്രനവീകരണത്തിനു ചുമതലപ്പെടുത്തിയ മോണ്‍. ദാരിയോ വിഗാനോ ‘ലെറ്റര്‍ഗേറ്റ്’ വിവാദത്തെ തുടര്‍ന്നു സ്ഥാനമൊഴിഞ്ഞത് അടുത്ത പ്രതിബന്ധമായി. ചിലിയിലെ ലൈംഗികചൂഷണവിവാദങ്ങളെ കുറിച്ചു മാര്‍പാപ്പ നടത്തിയ പ്രസ്താവന തിരുത്തേണ്ടി വന്നത് പ്രതിച്ഛായ നഷ്ടം ഉണ്ടാക്കി. ചിലിയന്‍ മെത്രാന്‍ സംഘം തനിക്കു തെറ്റായ വിവരങ്ങള്‍ നല്‍കിയതുകൊണ്ടാണ് ഇങ്ങനെയൊരു പ്രസ്താവന ഉണ്ടായതെന്ന് പാപ്പ പരോക്ഷമായി വിശദീകരിച്ചു.

ഇത്തരത്തില്‍ പ്രതിബന്ധങ്ങളുണ്ടാകുന്നുണ്ടെങ്കിലും അവയെയെല്ലാം മറികടന്നു പരിഷ്കരണനടപടികളുമായി മാര്‍പാപ്പ ലക്ഷ്യം കാണുന്നതുവരെ മുന്നോട്ടു പോകുമെന്നതിനു സൂചനയാണ് പുതിയ ചില നിയമനങ്ങള്‍. പരി. സിംഹാസനത്തിന്‍റെ പൈതൃകഭരണ വിഭാഗം എന്നറിയപ്പെടുന്നതും വത്തിക്കാന്‍ സ്വത്തുവകകളുടെ ഭരണം നിര്‍വഹിക്കുന്നതുമായ അപ്സ എന്ന കാര്യാലയത്തിന്‍റെ അദ്ധ്യക്ഷനായി തന്‍റെ മനസ്സറിയുന്ന ആര്‍ച്ചുബിഷപ് നുണ്‍സ്യോ ഗാലന്‍റീനോയെ നിയമിച്ചിരിക്കുന്നതാണ് അതിലൊന്ന്. കാര്‍ഡിനല്‍ ഡൊമെനിക്കോ കാര്‍കാഞ്ഞോ ആണ് ഈ പദവി വഹിച്ചിരുന്നത്. അധികാരമേറ്റ് അഞ്ചു വര്‍ഷമായിട്ടും സുപ്രധാനമായ ഈ പദവിയില്‍ താനാഗ്രഹിക്കുന്നയാളെ മാര്‍പാപ്പ നിയമിച്ചില്ലെന്നത് പലരും ശ്രദ്ധിച്ചിരുന്നു. ഈ കാര്യാലയത്തിന്‍റെ ഭരണം പാപ്പ ഉദ്ദേശിക്കുന്ന വിധത്തില്‍ നടത്തിയാല്‍ സാമ്പത്തികകാര്യങ്ങളിലെ സുതാര്യതയെന്ന ലക്ഷ്യം കൈവരിക്കാന്‍ കൂടുതല്‍ എളുപ്പമാകുമെന്നു കരുതപ്പെടുന്നു.

വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്‍റെ മേധാവിയായി അല്മായനായ പൗലോ റുഫിനിയെ നിയമിച്ചതാണ് മറ്റൊരു സുപ്രധാന നടപടി. ഒരു വത്തിക്കാന്‍ കാര്യാലയത്തിന്‍റെ തലവനായി വരുന്ന ആദ്യത്തെ അല്മായനാണ് ദശകങ്ങളുടെ പത്രപ്രവര്‍ത്തനപരിചയമുള്ള റുഫിനി. റുഫിനിയുടെ നിയമനം വത്തിക്കാന്‍ കൂരിയായിലെ അല്മായപ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുകയും വൈദികാധിപത്യപ്രവണതകള്‍ കുറയ്ക്കുകയും ചെയ്യുമെന്നാണ് മാര്‍പാപ്പയുടെ വിലയിരുത്തല്‍. ഇവ കൂടാതെ ഒമ്പതംഗ കാര്‍ഡിനല്‍ ഉപദേശകസമിതിയിലും മാര്‍പാപ്പ മാറ്റങ്ങള്‍ വരുത്തുമെന്നു പ്രതീക്ഷിക്കുന്നുണ്ട്. അതോടെ കൂരിയാ പരിഷ്കരണം കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നും ലക്ഷ്യം കൈവരിക്കുമെന്നുമാണ് സഭാനിരീക്ഷകരുടെ പ്രത്യാശ.

Leave a Comment

*
*