കുരിശ് ഒരാഭരണമല്ല, യേശുവിന്റെ സ്നേഹത്തിലേയ്ക്കുള്ള വിളിയാണ് -ഫ്രാൻസിസ് മാർപാപ്പ

കുരിശ് ഒരാഭരണമല്ല, യേശുവിന്റെ സ്നേഹത്തിലേയ്ക്കുള്ള വിളിയാണ് -ഫ്രാൻസിസ് മാർപാപ്പ
Published on

ക്രിസ്ത്യൻ കുരിശ് ഒരു വീട്ടുസാമഗ്രിയോ ധരിക്കുന്നതിനുള്ള ആഭരണമോ അല്ലെന്നു ഫ്രാൻസിസ് മാർപാപ്പ പ്രസ്താവിച്ചു. മനുഷ്യവംശത്തെ തിന്മയിൽ നിന്നും പാപത്തിൽ നിന്നും രക്ഷിക്കാനായി സ്വയം ത്യജിച്ച യേശുവിന്റെ സ്നേഹത്തിലേയ്ക്കുള്ള ആഹ്വാനമാണ് അത്. യേശു കുരിശിൽ നടത്തിയ ത്യാഗത്തെ ധ്യാനിക്കുന്നതിനുള്ള സമയമാണ് നോമ്പ്. കുരിശിൽ തറയ്ക്കപ്പെട്ട ക്രിസ്തുവിന്റെ രൂപത്തെ ഭക്തിയോടെ ധ്യാനിക്കുക. കൈ്രസ്തവവിശ്വാസത്തിന്റെ അടയാളമാണത്-മാർപാപ്പ വിശദീകരിച്ചു. വത്തിക്കാൻ അങ്കണത്തിൽ തീർത്ഥാടകരോടു സംസാരിക്കുകയായിരുന്നു മാർപാപ്പ.
പാപത്തിന്റെ ഗൗരവവും നമ്മെ രക്ഷിച്ച രക്ഷകന്റെ ത്യാഗത്തിന്റെ മൂല്യവും തിരിച്ചറിയാൻ നോമ്പിലെ വിവിധ ഘട്ടങ്ങൾ ഇടയാക്കണമെന്നു മാർപാപ്പ വ്യക്തമാക്കി. യേശുവിന്റെ രൂപാന്തരീകരണത്തെ കുറിച്ചുള്ള ബൈബിൾ ഭാഗത്തെ ആധാരമാക്കിയായിരുന്നു മാർപാപ്പയുടെ സന്ദേശം. രൂപാന്തരീകരണവേളയിൽ കാണുന്ന ഉജ്ജ്വലപ്രകാശം വിശ്വാസികളുടെ മനസ്സുകളെയും ഹൃദയങ്ങളെയും പ്രകാശിപ്പിക്കുക എന്ന ആത്യന്തികലക്ഷ്യത്തെയാണ് പ്രതീകാത്മകമായി അടയാളപ്പെടുത്തുന്നതെന്നു മാർപാപ്പ പറഞ്ഞു. ക്രിസ്തുവിന്റെ രഹസ്യം അ പ്രതീക്ഷിതമായി വെളിപ്പെടുത്തുന്ന പ്രകാശധാരയാണത്. അക്കാലത്തു പൊതുവിൽ പ്രതീക്ഷിക്കപ്പെട്ടിരുന്നതു പോലെ ശക്തനും മഹത്ത്വമുള്ളവനുമായ രാജാവല്ല മറിച്ചു വിനീതനും നിരായുധനും നിർധനനുമായ ഒരു മര്യാദക്കാരനാണ്, തല ചായ്ക്കാനിടമില്ലാത്തവനാണ്, അസംഖ്യം അനുയായികളുള്ള കുലപതിയല്ല, മറിച്ച് ഭവനരഹിതനായ ഒരു ഏകസ്ഥനാണ് എന്നെല്ലാമാണ് ക്രിസ്തു അവിടെ വെളിപ്പെടുത്തിയത് – മാർപാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org