ല ചിവില്‍ത്ത കത്തോലിക്ക മറ്റു ഭാഷകളിലേയ്ക്ക്

ല ചിവില്‍ത്ത കത്തോലിക്ക മറ്റു ഭാഷകളിലേയ്ക്ക്

വത്തിക്കാനില്‍ നിന്നുള്ള ഈശോസഭാ പ്രസിദ്ധീകരണമായ ല ചിവില്‍ത്ത കത്തോലിക്ക (കത്തോലിക്കാ സംസ്കാരം) എന്ന മാസിക ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, കൊറിയന്‍ ഭാഷകളില്‍ കൂടി ലഭ്യമാക്കുന്നു. 1850-ല്‍ സ്ഥാപിതമായ മാസിക ഇതുവരെ ഇറ്റാലിയന്‍ ഭാഷകളിലാണ് പ്രസിദ്ധീകരിച്ചു വന്നിരുന്നത്. മാര്‍പാപ്പയുടെ ഔദ്യോഗിക പ്രബോധനത്തോടു നീതി പുലര്‍ത്തിക്കൊണ്ടാണ് എക്കാലത്തും ഈ മാസിക പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. മാര്‍പാപ്പമാര്‍ പ്രൂഫ് വായിച്ച ശേഷം പ്രസിദ്ധീകരിക്കുന്ന മാസികയെന്ന ഖ്യാതിയും ചിവില്‍ത്ത കത്തോലിക്കയ്ക്കു സ്വന്തമായിരുന്നു. ഈശോസഭാവൈദികനായ ഫാ. അന്‍റോണിയോ സ്പദാരോയാണ് ഇപ്പോള്‍ മാസികയുടെ എഡിറ്റര്‍.
വിവിധ ഭാഷകളില്‍ നിന്നുള്ള ലേഖനങ്ങള്‍ സ്വീകരിക്കാനും അവ വിവിധ ഭാഷകളിലേയ്ക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാനും തയ്യാറാകുകയാണ് ഇപ്പോള്‍ തങ്ങളുടെ മാസികയെന്നു ഫാ. സ്പദാരോ പറഞ്ഞു. രാജ്യങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും ഭാഷകള്‍ക്കും ഇടയില്‍ പാലമായി വര്‍ത്തിക്കണം മാസികയെന്ന മാര്‍പാപ്പയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ പരിഷ്കാരം. പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് അധികാരികളുടെ അനുമതി വാങ്ങുന്നതിനെ സെന്‍സര്‍ഷിപ്പായി കാണാന്‍ കഴിയില്ലെന്ന് എഡിറ്റര്‍ അഭിപ്രായപ്പെട്ടു. വിവിധ കാര്യങ്ങളെ കുറിച്ചു പരിശുദ്ധ സിംഹാസനം ചിന്തിക്കുന്നതിനൊത്തു പോകാനാണ് ഈ ക്രമീകരണം. രാഷ്ട്രീയം, സാമ്പത്തികം, കല, തത്ത്വചിന്ത, ദൈവശാസ്ത്രം തുടങ്ങിയ മേഖലകളില്‍ സഭയുടെ ചിന്തയോടു ചേര്‍ന്നു നില്‍ക്കുന്നതാണ് ചി വില്‍ത്ത കത്തോലിക്കായുടെ പാരമ്പര്യം -അദ്ദേഹം വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org