ലഹരിവിരുദ്ധ മാസാചരണ സമാപനം

ലഹരിവിരുദ്ധ മാസാചരണ സമാപനം

പാലാ: മദ്യ-മയക്കുമരുന്ന് ലോബികള്‍ ശക്തിയാര്‍ജ്ജിക്കുന്ന അപകടാവസ്ഥയിലേക്ക് നമ്മുടെ രാജ്യവും നാടും നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് ഏറ്റവും വലിയ പ്രശ്നം മയക്കുമരുന്നിന്‍റെ വ്യാപനമാണ്. ലോക ലഹരിവിരുദ്ധദിനമായ ജൂണ്‍ 26-ന് മുന്നോടിയായി കെസിബിസി മദ്യവിരുദ്ധ സമിതി പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളജ് ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
മദ്യവര്‍ജ്ജനമല്ല മദ്യനിരോധനമാണ് സംസ്ഥാനത്ത് അനിവാര്യമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മദ്യനിരോധനമില്ലാതെയുള്ള വര്‍ജ്ജനം അസാധ്യമാണ്. മദ്യപരുടെ ജീവിതശൈലി പിശാചുബാധിതന്‍റെ ജീവിതശൈലിയാണ്. 'ഡെമോക്രസിയോ ബ്യൂറോക്രസിയോ അല്ല മദ്യോക്രസിയാണ്' നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

ഫാ. തോമസ് വെടിക്കുന്നേല്‍, മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഡോ. എം.വി. ജോര്‍ജുകുട്ടി, ഫാ. മാത്യു പുതിയിടത്ത്, സിസ്റ്റര്‍ റെനി മേക്കലാത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രേംജി ആര്‍. എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാ. ജോര്‍ജ് പുല്ലുകാലായില്‍, ഫാ. എബ്രാഹം തകിടിയേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ സെന്‍റ് ജോര്‍ജ് കോളജ്, സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസ്., സെന്‍റ് അല്‍ഫോന്‍സാ പബ്ലിക് സ്കൂള്‍ ആന്‍റ് ജൂനിയര്‍ കോളജ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കാളികളായി. പാലാ രൂപത തയ്യാറാക്കിയ ലഹരിവിരുദ്ധ പോസ്റ്ററിന്‍റെ പ്രകാശനം മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് നല്‍കി പ്രതിപക്ഷനേതാവ് നിര്‍വ്വഹിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org