മൃതസംസ്കാര ഓര്‍ഡിനന്‍സില്‍ തിരുത്തലുകള്‍ വേണം -ലെയ്റ്റി കൗണ്‍സില്‍

യാക്കോബായ-ഓര്‍ത്തഡോക്സ് സഭകളിലെ മൃതസംസ്കാര തര്‍ക്കത്തിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന ഓര്‍ഡിനന്‍സില്‍ കേരളത്തിലെ ക്രൈസ്തവസഭകളെ ഒന്നാകെ ഉള്‍പ്പെടുത്തിയിരിക്കുന്നത് കത്തോലിക്കാസഭയുള്‍പ്പെടെ ഇതര ക്രൈസ്തവ വിഭാഗങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും ക്രിസ്ത്യന്‍ നിര്‍വചനത്തില്‍ അടിയന്തിര തിരുത്തലുകള്‍ വരുത്തണമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഓര്‍ഡിനന്‍സില്‍ പറഞ്ഞിരിക്കുന്ന ക്രിസ്ത്യന്‍ എന്ന നിര്‍വ്വചനം ഭേദഗതി ചെയ്ത് യാക്കോബായ ഓര്‍ത്തഡോക്സ് സഭകള്‍ എന്നാക്കണം. മൃതസംസ്കാരങ്ങള്‍ സംബന്ധിച്ച് സുസ്ഥിരവും വ്യക്തവുമായ നടപടിക്രമങ്ങളും പ്രാര്‍ത്ഥനാശുശ്രൂഷകളുമുള്ള കത്തോലിക്കാസഭയ്ക്ക് ഈ നിയമം വെല്ലുവിളിയുയര്‍ത്തുന്നതാണ്. ചര്‍ച്ച് ആക്ടിന്‍റെ കരടുരേഖയില്‍ സൂചിപ്പിച്ചിരിക്കുന്ന ക്രിസ്ത്യന്‍സ് നിര്‍വ്വചനമായ ബൈബിള്‍ വിശ്വസിക്കുന്ന മാമ്മോദീസ മുങ്ങിയ എല്ലാ ആളുകളും എന്ന ഓര്‍ഡിനന്‍സ് നിര്‍വ്വചനം അവ്യക്തവും അപൂര്‍ണ്ണവും കത്തോലിക്കാ വിശ്വാസാചാരാനുഷ്ഠാനങ്ങളിലേയ്ക്കുള്ള കടന്നുകയറ്റവുമാണ്. സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ഇറക്കിയ ഈ ഓര്‍ഡിനന്‍സ് കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കി തിരുത്തപ്പെടുന്നില്ലെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. ഭരണഘടന അനുശാസിക്കുന്ന മതപരമായ അധികാരത്തിന്മേലുള്ള കടന്നുകയറ്റം എന്ന നിലയില്‍ ഈ ഓര്‍ഡിനന്‍സ് തിരുത്തലുകള്‍ക്ക് വിധേയമാക്കുന്നില്ലെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടേണ്ടത് കത്തോലിക്കാസഭയുടെ ഇടവകകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് അനിവാര്യമാണെന്ന് ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org