ലാറ്ററന്‍ യൂണിവേഴ്സിറ്റി  റെക്ടറായി ആദ്യമായി അല്മായന്‍

ലാറ്ററന്‍ യൂണിവേഴ്സിറ്റി റെക്ടറായി ആദ്യമായി അല്മായന്‍

പാപ്പയുടെ യൂണിവേഴ്സിറ്റിയെന്നറിയപ്പെടുന്ന റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയുടെ റെക്ടറായി വിന്‍സെന്‍സോ ബ്യൂനോമോയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ലാറ്ററന്‍ യൂണിവേഴ്സിറ്റിയുടെ 245 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അല്മായന്‍ റെക്ടറായി നിയമിതനാകുന്നത്. കഴിഞ്ഞ 8 വര്‍ഷമായി റെക്ടറായിരുന്ന ആര്‍ച്ചുബിഷപ് എന്‍റിക്കോദാല്‍ കോവോലോ വിരമിക്കുന്ന ഒഴിവിലാണ് വിന്‍സെന്‍സോ ബ്യൂനോമോയുടെ നിയമനം. അമ്പത്തിയാറുകാരനായ പ്രൊഫസര്‍ വിന്‍സെന്‍സോ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്. ഇറ്റാലിയന്‍ സ്വദേശിയായ അദ്ദേഹം ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു കാനോന്‍ നിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. തുടര്‍ന്ന് 1984 മുതല്‍ അവിടെ പഠിപ്പിച്ചു വരികയായിരുന്നു. 2001-ല്‍ ഫുള്‍ പ്രൊഫസറായി. വത്തിക്കാന്‍ കൂരിയായിലും നിരവധി ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ വിവിധ സമിതികളിലേയ്ക്കുള്ള വത്തിക്കാന്‍ പ്രതിനിധിസംഘങ്ങള്‍ക്കു നേതൃത്വം നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളില്‍ വിദഗ്ദ്ധനായ അദ്ദേഹം 2015-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കീഴില്‍ രൂപപ്പെടുത്തിയ വത്തിക്കാന്‍- പലസ്തീന്‍ ഉടമ്പടിയുടെ മുഖ്യശില്‍പിയായിരുന്നു. 5 വന്‍ കരകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനമാണ് പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org