ലത്തീന്‍ സമുദായത്തിന്‍റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയമിക്കണം

12 രൂപതകളിലായി വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ കൂടുതലും തീരപ്രദേശത്ത് താമസിക്കുന്നവരും സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലുള്ളവരുമാണ്. എന്നാല്‍, ഈ വിഭാഗത്തിന്‍റെ പിന്നോക്കാവസ്ഥ പഠിക്കുന്നത് സംബന്ധിച്ച് പ്രത്യേകമായി യാതൊരു നടപടികളും, ഇതുവരെ കേരളത്തില്‍ ഉണ്ടായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ലത്തീന്‍ സമുദായത്തിന്‍റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയമിക്കണമെന്നും ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കമെന്നും കെ എല്‍സിഎ നേതൃത്വം വ്യക്തമാക്കി.

വിദ്യഭ്യാസം, തൊഴില്‍, സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ പങ്കാളിത്തം, സാമ്പത്തികാവസ്ഥ, ജലലഭ്യത, വാസസ്ഥലം അടിസ്ഥാന സൗകര്യങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളിളെ പങ്കാളിത്തം, വിദ്യാഭ്യാസ മേഖലകളിലെ സംവരണം അപര്യാപ്തയും നഷ്ടവും എന്നീ വിഷയങ്ങളില്‍ പഠനം ആവശ്യപ്പെട്ട കെ എല്‍ സിഎയുടെ അഭ്യര്‍ത്ഥന മാനിച്ച് പി.ടി. തോമസ് എം എല്‍ എ വിഷയം നിയമസഭയില്‍ ഉന്നയിച്ചെങ്കിലും അനുകൂലമല്ലാത്ത പ്രതികരണമാണ് മന്ത്രി എ.കെ. ബാലനില്‍ നിന്ന് ഉണ്ടായത്. കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് മന്ത്രി പ്രതികരിച്ചതെന്ന് കെ എല്‍ സി എ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

ആര്‍ട്സ് & സയന്‍സ് കോഴുസുകള്‍ക്കും പിജി കോഴ്സുകള്‍ക്കും ലത്തീന്‍, ആംഗ്ളോ ഇന്ത്യന്‍, എസ് ഐ യു സി എന്നിവര്‍ക്കെല്ലാം കൂടി ഒരു ശതമാനം സംവരണം ഉണ്ടെന്ന് മന്ത്രി പറഞ്ഞത് പരിഹസിക്കലാണ്. നിയമനാവസരങ്ങളുടെ കാര്യത്തില്‍ പട്ടികജാതി വിഭാഗത്തേക്കാള്‍ നഷ്ടമാണ് കേരളത്തിലെ ലത്തീന്‍ സമുദായത്തിനുണ്ടായിട്ടുള്ളത്. വിഷയം പഠിക്കാന്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നെറോണ, ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് എന്നിവര്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org