സന്യാസസഭകളില്‍ നിന്നുള്ള പുറത്താക്കല്‍: നിയമം മാര്‍പാപ്പ പരിഷ്കരിച്ചു

സന്യാസസമൂഹങ്ങളില്‍നിന്ന് അംഗങ്ങളെ പുറത്താക്കുന്നതു സംബന്ധിച്ച കാനോന്‍ നിയമം പരിഷ്കരിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവു പുറപ്പെടുവിച്ചു. അനുമതിയില്ലാതെ സന്യാസസമൂഹത്തില്‍നിന്ന് ഒരു വര്‍ഷത്തിലേറെയായി വിട്ടുനില്‍ക്കുന്നവരെ കണ്ടെത്താന്‍ കഴിയാത്ത പക്ഷം സുപ്പീരിയറിനു പുറത്താക്കാമെന്നാണു പുതിയ നിയമം വ്യക്തമാക്കുന്നത്. സമൂഹജീവിതം സന്യാസജീവിതത്തിന്‍റെ അവശ്യഘടകമാണെന്നും സ്വന്തം സന്യാസഭവനത്തില്‍ സമൂഹജീവിതം നയിക്കുക സന്യസ്തര്‍ക്കു നിര്‍ബന്ധമാണെന്നും സുപ്പീരിയറില്‍ നിന്ന് അനുമതിയില്ലാതെ അതില്‍നിന്നു വിട്ടു നില്‍ക്കാനാവില്ലെന്നും ഇതുസംബന്ധിച്ചെഴുതിയ കത്തില്‍ മാര്‍പാപ്പ വ്യക്തമാക്കി.

നിലവിലുണ്ടായിരുന്ന നിയമമനുസരിച്ച് സന്യാസസഭയില്‍നിന്നു പുറത്താക്കുന്നതിനുള്ള രണ്ടു വ്യവസ്ഥകള്‍ കത്തോലിക്കാവിശ്വാസത്തിനു ഹാനികരമായതു ചെയ്യുക, വിവാഹം കഴിക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്യുക എന്നിവയാണ്. ഇപ്പോള്‍ മാര്‍പാപ്പ വരുത്തിയ ഭേദഗതിയോടെ, സന്യാസഭവനത്തിലെ ജീവിതത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതും സമൂഹത്തില്‍നിന്നു പുറത്താക്കുന്നതിനുള്ള കാരണമാകുകയാണ്. ആറു മാസത്തിലേറെ സന്യാസസമൂഹത്തിലെ ജീവിതത്തില്‍നിന്ന് അനുമതിയില്ലാതെ വിട്ടു നില്‍ക്കുന്നവരെ പുറത്താക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ നിലവില്‍ സുപ്പീരിയര്‍മാര്‍ക്ക് നിയമം അവസരം നല്‍കുന്നുണ്ട്. പക്ഷേ ഇവര്‍ എവിടെയാണെന്നു കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഈ നിയമനുസരിച്ചുള്ള നടപടിക്രമങ്ങള്‍ തുടരാന്‍ കഴിയുകയില്ലായിരുന്നു. പുരോഹിതന്‍ തന്‍റെ ശുശ്രൂഷയില്‍ നിന്നു വിട്ടുനില്‍ക്കുന്ന പക്ഷം പൗരോഹിത്യത്തില്‍നിന്നു പുറത്താക്കാന്‍ മെത്രാനു സാധിക്കും. പക്ഷേ അഞ്ചു വര്‍ഷത്തിലേറെയായി വിട്ടുനില്‍ക്കുന്നയാളുടെ കാര്യത്തിലാണ് ഇതനുസരിച്ചു നടപടിയെടുക്കാനാകുക.

സന്യാസസമൂഹങ്ങള്‍ക്കാവശ്യമായ അച്ചടക്കം നിലനിറുത്തുന്നതിന് സഹായമേകുക എന്നതാണ് ഈ നിയമപരിഷ്കരണത്തിന്‍റെ ലക്ഷ്യമെന്നു മാര്‍പാപ്പ വ്യക്തമാക്കി. വിട്ടുനില്‍ക്കുന്ന അംഗത്തോടുള്ള സ്നേഹം എപ്പോഴും സന്യാസസമൂഹത്തിന്‍റെ കടമയാണെന്നതു മറന്നുകൊണ്ടല്ല നിയമനടപടികള്‍ സ്വീകരിക്കേണ്ടതെന്നു വത്തിക്കാന്‍ സമര്‍പ്പിതജീവിതകാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ജോസ് റൊഡ്രിഗ്സ് കാര്‍ബാലോ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org